തിരുവനന്തപുരം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും മെഡിക്കല്‍ ലൈബ്രറിയും നവീകരിക്കുന്നതിന് 1.50 കോടി രൂപ, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിനും ട്രെയിനേജ്, സ്വീവേജ് സംവിധാനത്തിനുമായി 4 കോടി രൂപ, ഐസൊലേഷന്‍ റൂം കോപ്ലക്സിന് 3 കോടി രൂപ, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാനിന് 50 ലക്ഷം രൂപ, മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു. വിപുലമാക്കുന്നതിന് 2 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. എറണാകുളം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
പ്രിന്‍സിപ്പാളിന്റെ ഓഫീസും മറ്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് റൂമും കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചേരുന്ന ഹാളും അടങ്ങുന്ന മൂന്നുനില കെട്ടിടമാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്. എല്ലായിടത്തും ആശുപത്രിയോട് ചേര്‍ന്നാണ് മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടെ ചെറിയൊരു മുറിയിലാണിത് പ്രവര്‍ത്തിക്കുന്നത്. അത് വിപുലീകരിച്ചാണ് കമ്പ്യൂട്ടര്‍വത്ക്കരിച്ച് ആധുനികവത്ക്കരിക്കുന്നത്.
ഈ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷം രോഗികളുടെ എണ്ണത്തില്‍ 50 ശതമാനത്തോളം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ പാര്‍ക്കിംഗ് വലിയൊരു പ്രശ്നമായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരുടേയും സന്ദര്‍ശകരുടേയും വാഹനങ്ങള്‍ പ്രത്യേകമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എറണാകുളം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു വരുന്നു. മാതൃ ശിശു സംരക്ഷണ ബ്ലോക്ക്, സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഓഡിറ്റോറിയം മുതലായവയ്ക്കായി കിഫ്ബി വഴി 368.74 കോടി രൂപ മെഡിക്കല്‍ കോളേജിന് അനുവദിച്ചു. മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടിയോളം രൂപയും അനുവദിച്ചു.
സൂപ്പര്‍ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി വിഭാഗങ്ങളിലടക്കം അധ്യാപകര്‍ അനധ്യാപകര്‍ എന്നിവരുടെ 162 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലുള്ള ജീവനക്കാരെ സ്ഥിരമാക്കി (റെഗുലറൈസ്) ഉത്തരവും പുറപ്പെടുവിച്ചിരുന്നു.