ഫലപ്രദമായ കോവിഡ് നിയന്ത്രണം, ജില്ലാ ഭരണ സംവിധാനത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

കോവിഡ് വ്യാപനത്തിന്റെ രണ്ടു ഘട്ടങ്ങളിലും കര്‍ശന നിയന്ത്രണത്തിലൂടെ രോഗനിയന്ത്രണം സാധ്യമാക്കിയ ജില്ലാ ഭരണ സംവിധാനത്തേയും ആരോഗ്യ പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കാഞ്ഞങ്ങാട് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പശ്ചാത്യ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും കൂടി വരുന്ന സാഹചര്യത്തില്‍ കേരളം ജാഗ്രത കര്‍ശനമായി തുടരണമെന്ന് മന്ത്രി പറഞ്ഞു.

ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യ സംവിധാനങ്ങള്‍ കുറവുള്ള കാസര്‍കോട് ജില്ലയില്‍ രോഗികള്‍ കൂടാതെ നിയന്ത്രിക്കുകയാണ് ഫലപ്രദമായ മാര്‍ഗം. രണ്ടാം ഡോസ് വാക്സിന്‍ എല്ലാവരും സ്വീകരിക്കണമെന്നും വാക്സിനേഷന്‍ കോവിഡ് മരണസംഖ്യ കുറക്കുന്നതിന് വളരെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പോലീസ് മേധാവി പി ബി രാജീവ് എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.
ജില്ലാ സര്‍വലെന്‍സ് ഓഫീസര്‍ ഡോ.എ.ടി.മനോജ് സ്ഥിതി വിവര കണക്കുകള്‍ അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.മോഹനന്‍, എന്‍എച്ച്എം ഡി പി എം ഡോ.റിജിത്കൃഷ്ണന്‍, ഡപ്യൂട്ടി ഡി എം ഒ ഡോ.എ.വി.രാംദാസ്,എം സി എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് തങ്കമണി എന്‍ ജി തുടങ്ങിയവര്‍ സംസാരിച്ചു.