മനുഷ്യാവകാശ സാക്ഷരത കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജു നാഥ് പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ജില്ലാ ഭരണകൂടവും വിശ്വാസും ചേര്‍ന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണ ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കമ്മീഷനംഗം.

വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങള്‍ക്കായി വരുന്നവരോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണം. അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹമായ സമയത്ത് നീതി നടപ്പാക്കി കൊടുക്കുന്നതാണ് മനുഷ്യാവകാശം. ജനങ്ങളുടെ ആവശ്യങ്ങള്‍, അവകാശങ്ങള്‍ നടപ്പാക്കി കൊടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കണമെന്നും കെ. ബൈജുനാഥ് പറഞ്ഞു. സ്വന്തം അധികാര പരിധിയിലും താഴെതട്ടിലുള്ള ജീവനക്കാരുടെ ഇടയിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ഓഫീസ് മേധാവികളുടെ ചുമതലയാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. എ.ഡി.എം. കെ.മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കാവേരികുട്ടി, വി.അബ്ബാസ്, ഹുസൂര്‍ ശിരസ്തദാര്‍ ലത്തീഫ് താഹ, വിശ്വാസ് സെക്രട്ടറി പി.പ്രേംനാഥ്, കണ്‍വീനര്‍ അഡ്വ. കെ വിജയ, വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.ദേവികൃപ, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.