വെണ്ണക്കരയില്‍ നിര്‍മ്മിച്ച പുതിയ 110 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്റെ (ജി.ഐ.എസ്) ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നവംബര്‍ 22 ന് രാവിലെ 11.30 ന് നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും.

പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മണ്ണാര്‍ക്കാട്, കല്ലടിക്കോട്, പറളി , മലമ്പുഴ, നെമ്മാറ തുടങ്ങിയ ഉള്‍പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വെണ്ണക്കര സബ്സ്റ്റേഷന്‍ നിര്‍വഹിക്കുന്നത്. കാലപ്പഴക്കം സംഭവിച്ച ഉപകരണങ്ങള്‍ മാറ്റി സബ്സ്റ്റേഷന്‍ നവീകരിച്ച്, ശേഷി വര്‍ധിപ്പിക്കുന്നതിന് ‘ഗ്യാസ ്ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍”എന്ന നൂതന സാങ്കേതിക വിദ്യ അനിവാര്യമായതിനാല്‍ കേരളത്തില്‍ ആദ്യമായി 15 ബേ അടങ്ങിയ ഒരു 110 കെ.വി. സബ് സ്റ്റേഷന്‍ വെറും 8000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു വര്‍ഷത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കിയത്. ഏഴ് ഫീഡര്‍ ബേകളും ആറ് ട്രാന്‍സ്ഫോര്‍മര്‍ ബേകളും അടങ്ങുന്ന ജി.ഐ.എസ്. സബ് സ്റ്റേഷന്‍, 110 കെ.വി. കേബിള്‍ വഴിയാണ് ടവറുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. രണ്ടു 110/11 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും ഒരു 110/33 കെ.വി. ട്രാന്‍സ്ഫോര്‍മറും ഈ സബ്സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പതിനാല് 11 കെ.വി. ഫീഡറുകളും ഒരു 33 കെ.വി. ഫീഡറും വഴി പാലക്കാട്ടെ ടൗണ്‍ പരിസരങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണവും ചെയ്തിട്ടുണ്ട്. ഒരു ഓപ്പറേറ്റര്‍ക്ക് അനായാസം സബ്സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഓട്ടോമേഷന്‍ സിസ്റ്റവും ഈ സബ്സ്റ്റേഷന്റെ സവിഷേശതയാണ്.

33.5 കോടി ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സബ് സ്റ്റേഷന്‍ മുഖേന ഏകദേശം 3.5 ലക്ഷം ഗാര്‍ഹിക, വാണിജ്യ, കാര്‍ഷിക, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.

വെണ്ണക്കര 110 കെ.വി. സബ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, കെ.എസ്.ഇ.ബി ലിമിറ്റഡ് സ്വതന്ത്ര്യ ഡയറക്ടര്‍ അഡ്വ.വി.മുരുകദാസ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സി.സുമതി, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലത, മാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്‍, ഉതുങ്ങോട് വാര്‍ഡ് കൗണ്‍സിലര്‍ സലീന ബീവി, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി.അശോക്, ട്രാന്‍സ്മിഷന്‍ & സിസ്റ്റം ഓപ്പറേറ്റര്‍ ഡയറക്ടര്‍ രാജന്‍ ജോസഫ്, ചീഫ് എന്‍ജിനീയര്‍ ഡെ.സുനില്‍ ജോയ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും.