എറണാകുളം: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് തൊഴിലാളികളുടെ വിവരശേഖരണം പ്രധാനപ്പെട്ടതാണെന്ന് സുരേഷ് ഗോപി എം.പി. സിനിമാ മേഖലയിലെയും മറ്റ് ദൃശ്യ-ശ്രാവ്യ മാധ്യമരംഗത്തെയും തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇ- ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇ – ശ്രം രജിസ്ട്രേഷനുള്ള പ്രായപരിധി വർദ്ധിപ്പിക്കുന്ന കാര്യം കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന രജിസ്ട്രേഷൻ ക്യാമ്പിന് പോസ്റ്റൽ വകുപ്പ്, കോമൺ സർവീസ് സെന്റെർ എന്നിവർ സാങ്കേതിക പിന്തുണ നൽകി.

കേന്ദ്ര തൊഴിൽ വകുപ്പ് കമ്മീഷ്ണർ ഡോ. യൂജിൻ ഗോമസ് .ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ, കോമൺ സർവീസ് സെന്റെർ സംസ്ഥാന മേധാവി ഡോ. ബി.രാജീവൻ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. രഞ്ജിത്ത്, ഫിലിംചേമ്പർ പ്രസിഡന്റ് സുരേഷ് കുമാർ .ജി, ശ്രീകുമാർ അരൂക്കുറ്റി, കല്ലിയൂർ ശശി, സോഹൻ ശ്രീനുലാൽ, ഒ.എസ് ഗിരീഷ് എന്നിവർ പ്രസംഗിച്ചു.