എറണാകുളം : ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയ കായിക താരങ്ങൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. കൊച്ചി മേയർ അഡ്വ എം. അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കായിക താരങ്ങൾക്കായി കൂടുതൽ കളിക്കളങ്ങളും സൗകര്യങ്ങളും ഉണ്ടാകണം. കൂടാതെ കായിക താരങ്ങൾക്ക് കൂടുതൽ അംഗീകാരം നൽകണമെന്നും മേയർ പറഞ്ഞു.

സംസ്ഥാനത്തെ പ്രതിനിധീകരിച്ച് 2017 – 2018 , 2018 – 2019 വർഷങ്ങളിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയ 15 കായിക താരങ്ങൾക്കാണ് ക്യാഷ് അവാർഡ് നൽകിയത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജിൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങളിൽ ടി.ജെ വിനോദ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ വി.എ ശ്രീജിത്ത്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ, വൈസ് പ്രസിഡന്റ് ഓ.കെ. വിനീഷ് എന്നിവർ പങ്കെടുത്തു .