കാക്കനാട്: ജില്ലയിൽ പ്രവർത്തനം താൽകാലികമായി റദ്ദു ചെയ്ത റേഷൻ കടകളിൽ 21 സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകി. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തിലാണ് തീരുമാനം.
പല കാരണങ്ങൾ കൊണ്ട് റേഷൻ കടകൾ റദ്ദു ചെയ്തപ്പോൾ റേഷൻ സാധനങ്ങൾ വാങ്ങുന്നതിനായി പൊതുജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.

ഇത് ഒഴിവാക്കുന്നതിനാണ് സംസ്ഥാനത്താകെ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. റദ്ദു ചെയ്ത റേഷൻ കടകളുടെ തടസങ്ങൾ പരമാവധി ലഘൂകരിച്ച് കടകൾ പ്രവർത്തനക്ഷമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ആകെ 70 അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 13 അപേക്ഷകരുടെ റേഷൻ ഡിപ്പോ സ്ഥിരമായി റദ്ദ് ചെയ്തു. ഇവിടെ പുതിയ ലൈസൻസികളെ വച്ച് ഡിപ്പോകൾ തുടർന്നു പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 34 അപേക്ഷകർക്ക് വേണ്ടത്ര രേഖകൾ ഹാജരാക്കാൻ അദാലത്തിൽ സാധിച്ചില്ല. ഇവർക്ക് രേഖകൾ സമർപ്പിക്കുന്നതിനായി കൂടുതൽ സമയം അനുവദിച്ച് നൽകി.

രണ്ട് അപേക്ഷകളിൽ സിവിൽ സപ്ലൈസ് ഡയറക്ടർ നേരിട്ട് പരിശോധിച്ചതിനു ശേഷം തീരുമാനം കൈ കൊള്ളുന്നതിനായി മാറ്റി. 21 അപേക്ഷകളിൽ അനന്തര അവകാശികൾക്ക് തുടർന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി നൽകി. സിവിൽ സപ്ലൈസ് കമീഷ്ണർ ഡോ.ഡി.സജിത് ബാബു, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ ജയചന്ദ്രൻ പി.ആർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.