എറണാകുളം: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ തൃക്കാർത്തിക ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി മേള ഉദ്ഘാടനം ചെയ്തു. ചെറിയപ്പിളളിക്കു സമീപം കാട്ടിക്കുളത്തെ പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് ചന്ത ആരംഭിച്ചിരിക്കുന്നത്.

ഈ ദിവസത്തിൽ തയാറാക്കുന്ന തൃക്കാർത്തികപ്പുഴുക്കിന് ആവശ്യമായ നാടൻ കിഴങ്ങുകൾ ചന്തയിൽ ലഭ്യമാണ്. വിവിധയിനം കാച്ചിലുകൾ, ചേന, ചെറു ചേമ്പ്, മധുര ചേമ്പ്, കണ്ടി ചേമ്പ്, മധുരക്കിഴങ്ങ്, നന കിഴങ്ങ്, മുക്കിഴങ്ങ്, കൂവക്കിഴങ്ങ്, അടതാപ്പ്, മേൽക്കാച്ചിൽ മുതലായ കിഴങ്ങുകളുടെ പ്രദർശന വിപണനമേളയാണ് നടക്കുന്നത്. നവംബർ 21 ന് മേള സമാപിക്കും.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ വിജു, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സെബാസ്റ്റ്യൻ തോമസ്, പഞ്ചായത്ത് അംഗങ്ങൾ, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, കൃഷി അസിസ്റ്റൻ്റുമാരായ എസ്.കെ ഷിനു, അനസ്, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.