മലപ്പുറം: ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 140 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ കൂടി സംസ്ഥാന അഗ്നി രക്ഷാസേനയുടെ ഭാഗമായി. എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പുതിയ സിവില്‍ ഡിഫന്‍സ് വളന്റിയര്‍ ടീമിന്റെ പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് പൂര്‍ണമായും സജ്ജമാകുന്നതോടെ അപകട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സേനയ്ക്ക് കരുത്ത് വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിധത്തിലും സുസജ്ജവും സംതൃപ്തവുമായ അഗ്‌നിശമന സുരക്ഷാ സേനയെ ഒരുക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ തക്ക പരിശീലനവും സംവിധാനങ്ങളും സേനാംഗങ്ങള്‍ക്ക് നല്‍കിവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകട രക്ഷാ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ജനകീയമാക്കാനാണ് അഗ്‌നിരക്ഷാ വകുപ്പിന് കീഴില്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് ആരംഭിച്ചത്. രണ്ടാംഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 1200 പേരാണ് സംസ്ഥാനത്ത് സേനയുടെ ഭാഗമായിരിക്കുന്നതെന്നും സിവില്‍ ഡിഫന്‍സ് ഫോഴ്‌സില്‍ 30 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിയത് പ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് പ്ലാറ്റൂണുകളിലായി 140 വളന്റിയര്‍മാരാണ് പരേഡ് ഗ്രൗണ്ടില്‍ അണിനിരന്നത്. എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല പാസിങ് ഔട്ട് പരേഡില്‍ ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസ് അഭിവാദ്യം സ്വീകരിച്ചു. ജില്ലാ ഫയര്‍ഓഫീസര്‍ ടി. അനൂപ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 350 സന്നദ്ധ സംഘാംഗങ്ങളാണ് ജില്ലയില്‍ ഇതുവരെ പരിശീലനം പൂര്‍ത്തിയാക്കിയത്. കേരള അക്വാട്ടിക്ക് അസോസിയേഷന്‍ പത്താമത് കേരള മാസ്റ്റര്‍ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ മലപ്പുറം സിവില്‍ ഡിഫന്‍സിന്റെ ഭാഗമായ പി. നജീബിനെ ആദരിച്ചു. എം.എസ്.പി.അസിസ്റ്റന്റ് കമാന്‍ഡന്റ് ദേവകിദാസ്, ജില്ലയിലെ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍മാര്‍, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.