മലപ്പുറം: റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും കാര്‍ഡുടമകള്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പ് ‘തെളിമ 2021’ പദ്ധതിയിലൂടെ അവസരം നല്‍കുന്നു. ഡിസംബര്‍ 15 വരെ പൊതുജനങ്ങള്‍ക്ക് ഈ അവസരം ലഭിക്കും. റേഷന്‍കാര്‍ഡ് അംഗങ്ങളുടെ പേര്, ഇനീഷ്യല്‍, മേല്‍വിലാസം, കാര്‍ഡുടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിനും എല്‍.പി.ജി, വൈദ്യുതി കണക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ക്കുന്നതിനും ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡില്‍ ചേര്‍ക്കുന്നതിനുമുള്ള അവസരം പദ്ധതിയിലൂടെ ലഭ്യമാകും. മതിയായ രേഖകള്‍ക്കൊപ്പം അപേക്ഷകള്‍ റേഷന്‍കടകളില്‍ സ്ഥാപിച്ചിട്ടുളള പെട്ടികളില്‍ നിക്ഷേപിച്ചാല്‍ മതിയാകും. റേഷന്‍ വിഹിതം കൃത്യമായി ലഭിക്കുന്നതിനായി എല്ലാ റേഷന്‍കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ ആര്‍.സി.എം.എസ് സോഫ്റ്റുവെയറുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരിയോടെ നൂറ് ശതമാനം കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.