പാലക്കാടിനെ കുടുംബശ്രീ സമ്പൂര്‍ണ ഓക്‌സിലറി ഗ്രൂപ്പ് ജില്ലയായി നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നാളെ (നവംബര്‍ 23) രാവിലെ 11 ന് ഹോട്ടല്‍ ടോപ് ഇന്‍ ടൗണില്‍ നടക്കുന്ന പരിപാടിയില്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയാകും. പാലക്കാട് നഗരസഭ അധ്യക്ഷ പ്രിയ അജയന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥികളാകും.

അഭ്യസ്തവിദ്യരും സേവനസന്നദ്ധരും തൊഴിലന്വേഷകരുമായ യുവതികളുടെ വിവിധോദ്ദേശ്യ കൂട്ടായ്മയാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓക്‌സിലറി ഗ്രൂപ്പുകള്‍. 18 നും 40 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ യുവതികളുടെ 1733 സംഘങ്ങളാണ് ജില്ലയില്‍ രൂപീകരിച്ചിട്ടുള്ളത്.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രവാസി ഭദ്രത-പേള്‍ പദ്ധതിയുടെ ഭാഗമായി തൊഴിലും ഉപജീവനവും നഷ്ടപ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ കുടുംബത്തിലുള്ള പ്രവാസികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ വിവിധ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നുണ്ട്. ഈ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിക്കും. ഇതിനു പുറമേ മറ്റു നിരവധി പദ്ധതികളുടെ ഭാഗമായുള്ള ധനസഹായ വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍ മാസ്റ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സൈതലവി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.