ആലുവ തുരുത്തിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രം രാജ്യാന്തര പ്രസക്തിയുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെണ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഇതിനായി സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലേക്കുള്ള യാത്രാ സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. അതിന് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തരമായ ഇടപെടലുണ്ടാകും. ജീവനക്കാർക്ക് ഇൻഷൂറൻസ് ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. സംയോജിത കൃഷിക്ക് അനുകൂലമായ പ്രദേശമാണ് ആലുവയിലേത്.
കൃഷിക്കാരുടെ പാഠശാല പോലെ കേന്ദ്രം മാറ്റിയെടുക്കാം. കർഷകർക്ക് കൃഷിയെപ്പറ്റി താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യമാണ് ആലുവയിൽ ഒരുക്കേണ്ടത്. ഇതിന് സാധ്യമായ മുഴുവൻ സഹായങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. തുടർന്ന് ചേറ്റാടി നെല്ലിന്റെ ഞാറ് കുത്തൽ ചടങ്ങും മന്ത്രി നടത്തി. എം എൽ എ അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കൃഷി ഓഫീസർ ഷീല പോൾ, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദ്, കൃഷി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ലിസി മോൾ ജെ വടക്കൂട്ട് എന്നിവർ സംബന്ധിച്ചു.