കൂർക്കഞ്ചേരി ആരോഗ്യകേന്ദ്രത്തിന്
പുതിയ കെട്ടിടം: നിർമ്മാണോദ്‌ഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി

കൂർക്കഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങുന്നു. 1.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കൂർക്കഞ്ചേരി വല്ല്യാലക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ
റവന്യൂമന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്തു.
പകർച്ചവ്യാധികളെ അതിജീവിക്കാൻ കേരളത്തെ പ്രാപ്തമാക്കിയ നമ്മുടെ ആരോഗ്യമേഖല ലോകത്തിന് തന്നെ മാതൃകയാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു. വിപ്ലവകരമായ വികസനങ്ങൾക്കാണ് ആരോഗ്യരംഗത്ത് കഴിഞ്ഞ 5 വർഷങ്ങളായി സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്നും മന്ത്രി കൂട്ടിചേർത്തു.
2015 മുതൽ നഗരസഭയുടെ നേതൃത്വത്തിൽ കൂർക്കഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിനെ
രോഗി സൗഹൃദ ഹെൽത്ത് സെന്ററാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. മൂന്ന് ഒ പി കൗണ്ടറുകൾ, ലാബുകൾ, ഫാർമസി, കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നീ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കുന്നത്.
കെട്ടിടത്തിന്റെ തറക്കല്ലിടൽ റവന്യൂ മന്ത്രിയും ശിലാഫലകം അനാച്ഛാദനം
ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനും
നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, തൃശൂർ ഡിഎംഒ ഡോ.എൻ കെ കുട്ടപ്പൻ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.