കാസർഗോഡ് ജില്ലയിലെ കോവിഡ് വാക്‌സിനേഷന് അര്‍ഹതയുള്ളവരുടെ 98.07 ശതമാനവും ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും രണ്ടാം ഡോസ് എടുത്തത് 59.56 ശതമാനം മാത്രമാണ്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കാന്‍ സമയം കഴിഞ്ഞിട്ടും വാക്‌സിന്‍ സ്വീകരിക്കാതെ മാറിനില്‍ക്കുന്ന 55500 പേരാണ് ജില്ലയിലുള്ളത്.
കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസിനോട് ആളുകള്‍ വിമുഖത കാണിക്കരുതെന്നും ഇത് കോവിഡ് വ്യാപന നിയന്തണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൊറോണ വൈറസിനെതിരെ ശരീരത്തില്‍ ആന്റിബോഡി സൃഷ്ടിച്ച് പ്രതിരോധം ഉറപ്പു വരുത്തലാണ് വാക്‌സിനേഷന്റെ ധര്‍മ്മം. കൃത്യമായി വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ ശരിരത്തിലെ ആന്റിബോഡി നില നല്ല രീതിയില്‍ ഉയരുകയും അത് ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യു.
അതിനാല്‍ കോവിഡ് രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുമായി ജില്ലയിലെ എല്ലാ ആളുകളും പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ഡി.എം.ഒ ഇന്‍ചാര്‍ജ് ഡോ.ഇ. മോഹനന്‍ അഭ്യര്‍ത്ഥിച്ചു.