വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ സുഗമമാക്കുന്നതിന് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ നിയമനം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. പട്ടിക കുറ്റമറ്റതാക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സഹായിക്കാനും അര്‍ഹരായവരെ പരമാവധി ഉള്‍പ്പെടുത്താന്‍ ബി.എല്‍.എമാരുടെ സേവനം അനിവാര്യമാണ്. ബി.എല്‍.എമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് പുരോഗതി അവലോകനം ചെയ്യാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ബിജു പ്രഭാകര്‍ അഭ്യര്‍ഥിച്ചു.

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ ബിജു പ്രഭാകര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മറ്റും ലഭിച്ച അപേക്ഷകളുടെ പുരോഗതി വിലയിരുത്തുകയു കളക്ട്രേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എ. ഗീത, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്, പി.പി ഷാലിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ടോറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, വിവരങ്ങള്‍ തിരുത്തുന്ന തിനുമായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ 30 ന് യജ്ഞം അവസാനിക്കും. 2022 ജനുവരി ഒന്നിന് 18 വയസ്സോ അതിന് മുകളിലോ പ്രായമെത്തുന്നവര്‍ക്ക് പുതിയ വോട്ടറായി രജിസ്റ്റര്‍ ചെയ്യാനും താമസം മാറിയവര്‍ക്ക് മേല്‍വിലാസം മാറ്റാനും, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും യജ്ഞത്തിലൂടെ സാധിക്കും.

വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ്, www.nvsp.in, www.voterportal.eci.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖാന്തിരവും, ബി.എല്‍.ഒയുമായി നേരിട്ട് ബന്ധപ്പെട്ടും സേവനങ്ങള്‍ക്കായി അപേക്ഷിക്കാം. 1950 എന്ന വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറിലും സേവനങ്ങള്‍ക്കായി ബന്ധപ്പെടാം.