കേരള നിയമസഭാ സെക്രട്ടറിയേറ്റ് ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നിയമസഭാസമിതി സിറ്റിങ് നടത്തി. സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ 2005-06, 2007-08, 2010-11, 2011-12 വര്‍ഷങ്ങളിലെ സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള പാലക്കാട് ജില്ലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് സമിതി സിറ്റിങ് നടത്തിയത്. സുരേഷ്‌കുറുപ്പ് എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ പി.ടി.തോമസ്, വിജയന്‍പിളള, അബ്്ദുള്‍ ഖാദര്‍, നിയമസഭാ സെക്രട്ടറിയേറ്റ് അഡീ.സെക്രട്ടറി തോമസ് ചെട്ടുപറമ്പില്‍, എല്‍.എസ്.ജി.ഡി അഡീ.സെക്രട്ടറി മിനിമോള്‍ എബ്രഹാം എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്ത്, പാലക്കാട് നഗരസഭ, അയിലൂര്‍, മുണ്ടൂര്‍, അലനെല്ലൂര്‍, വാണിയംകുളം, മണ്ണാര്‍ക്കാട്, മുതലമട, ലക്കിടി-പേരൂര്‍, നെന്മാറ ഗ്രാമപഞ്ചായത്തുകള്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥ പ്രതിനിധികള്‍ സിറ്റിങില്‍ പങ്കെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ മന്ദിര നിര്‍മാണം, മീന്‍വല്ലം വൈദ്യുതി പദ്ധതി, പട്ടികജാതി യുവാക്കള്‍ക്ക് ഓട്ടോറിക്ഷ വിതരണം, സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ്, പയര്‍കൃഷി പദ്ധതി, ഗാലസ പദ്ധതി നിര്‍വഹണം തുടങ്ങിയ വിഷയങ്ങള്‍ സിറ്റിങ്ങില്‍ ചര്‍ച്ച ചെയ്തു.