കുന്നംകുളം നഗരസഭയിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമ്മസേനയ്ക്ക് കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഗുണഭോക്താവിനും നഗരസഭയ്ക്കും മാലിന്യ സംസ്കരണം സംബന്ധിച്ച വിവരങ്ങൾ ലഭിക്കാനുമായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പൈലറ്റ് പ്രോജക്ടിന് നഗരസഭയുടെ ചീരംകുളം 24-ാം വാർഡിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സണും 24-ാം വാർഡ് കൗൺസിലറുമായ സീതാ രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി സോമശേഖൻ,കൗൺസിലർമാരായ സുനിൽകുമാർ, ബിനീഷ്, സിൻസി ജോർജ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർ എ. മോഹൻദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപ, ഐആർടിസി കോർഡിനേറ്റർ ശ്രേയസ് വൽസൺ,ഹരിത കർമ്മസേന സെക്രട്ടറി ബിഷ എന്നിവരും ഹരിത കർമ്മ സേന പ്രവർത്തകരും പങ്കെടുത്തു.താഴിശ്ശേരി രമണൻ്റെ വീടിനെ ഹരിതകർമ്മ സേനയുടെ മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്നതിൻ്റെ ചടങ്ങാണ് ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തത്.

പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ 24-ാം വാർഡിൻ്റെ വിവരശേഖരണം നടത്തുകയും തുടർന്ന് മറ്റ് വാർഡുകളിലേക്ക് വ്യാപിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് പതിക്കും. അതുവഴി ഓരോ വ്യക്തികൾക്കും അവരവരുടെ വീടുകളിൽ ഹരിത കർമ്മസേന എത്തുന്ന ദിവസം അറിയുന്നതിനും അഥവാ അന്നേ ദിവസം വീട്ടുകാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ ആ വിവരം ഹരിത കർമ്മ സേനയെ അറിയിക്കുന്നതിനും സാധിക്കും.ശേഖരിക്കുന്ന മാലിന്യത്തിൻ്റെ അളവും യൂസർ ഫീ വിവരങ്ങളും നഗരസഭയ്ക്ക് അറിയുന്നതിനുംപൊതുജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള സർവ്വീസ് അസിസ്റ്റൻസ് ലഭ്യമാക്കുന്നതിനുംമൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുന്നതാണ്.