എറണാകുളം: കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവൻ സ്കൂൾ വിദ്യാർത്ഥികള്‍ക്കായി മണ്ണ് പരിപാലന മൊബൈല്‍ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഡിസംബർ 5 മണ്ണ് ദിനത്തിൽ അവാർഡ് ദാനം നടക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പ്രശംസാ പത്രം നൽകും. ‘നമ്മുടെ മണ്ണിന്റെ പരിപാലനം’ ആണ് വിഷയം.
പൂര്‍ണ്ണമായും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാകണം സൃഷ്ടികള്‍. സഹപാഠികളെയോ കുടുംബാംഗങ്ങളെയോ ഇതിൽ ഉൾപ്പെടുത്താം. ആറിൽ കൂടുതൽ കഥാപാത്രങ്ങൾ പാടില്ല (കഥയുടെ സാഹചര്യം അനുസരിച്ച് ആൾക്കൂട്ടങ്ങൾ അനുവദനീയമാണ്). കോട്ടുവള്ളി പഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ, പഞ്ചായത്ത് നിവാസികളുടെ മക്കൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
ഓരോ ലഘുചിത്രത്തിന്‍റെയും ദൈര്‍ഘ്യം പരമാവധി മൂന്ന് മിനിറ്റാണ്. ആശയത്തിന്റെ ആവിഷ്കരണം മുപ്പത് സെക്കന്റ് മുതൽ മൂന്നു മിനിറ്റ് വരെ ആകാം. മൂന്നു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നതല്ല. ഒരാളോ ഒരു ടീമോ ഒന്നില്‍ കൂടുതല്‍ രചനകളുടെ ഭാഗമാകാന്‍ പാടില്ല. ഏതെങ്കിലും സാഹിത്യ സൃഷ്ടികളുടെ ഭാഗമാണ് ആശയം എങ്കിൽ സൃഷ്ടിയെയോ സൃഷ്ടാവിനെയോ ഹ്രസ്വചിത്രത്തിൽ പരാമർശിച്ചിരിക്കണം.
ആരെയെങ്കിലും പരിഹസിക്കുന്നതോ നിശിതമായി ആക്ഷേപിക്കുന്നതോ ആയ സൃഷ്ടികള്‍ മത്സരവിഭാഗത്തിലേയ്ക്ക് സ്വീകരിക്കുന്നതല്ല. മണ്ണ് എന്ന ആശയത്തിൽ മാത്രം കേന്ദ്രീകരിച്ചുള്ളതാവണം സൃഷ്ടികൾ.
വിവിധ മേഖലകളിലുള്ള മൂന്നംഗ ജഡ്ജിങ് പാനലായിരിക്കും ചിത്രങ്ങൾ വിലയിരുത്തുന്നത്. ആശയ ആവിഷ്കാരം, സാങ്കേതിക വശം, സാമൂഹ്യ പ്രതിബദ്ധത എന്നിവ മുൻതൂക്കം നല്കിയായിരിക്കും വിധി നിർണ്ണയം.
മത്സര ചിത്രത്തിനോടൊപ്പം ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അണിയറ പ്രവര്‍ത്തകരുടെയും പേരും ക്ലാസ്സും സ്കൂളും വ്യക്തമാക്കിയിരിക്കണം. സ്കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം നിര്‍ബന്ധമായും വേണം.
കോട്ടുവള്ളി പഞ്ചായത്തിന്റെ ഫേസ്ബുക്ക് പേജിൽ എല്ലാ സൃഷ്ടികളും ഓൺലൈൻ ആയി പ്രദർശിപ്പിക്കുന്നതായിരിക്കും. ഇതിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന ഹ്രസ്വ ചിത്രത്തിന് പ്രത്യേക സമ്മാനം ഉണ്ടായിരിക്കും.