അടുത്ത മാസം മുതല്‍ സജ്ജമാകുമെന്ന് മന്ത്രി

പൊതുമരാമത്ത് പ്രവൃത്തികളുടെ സമയബന്ധിത പൂര്‍ത്തീകരണത്തിന് അടുത്ത മാസം മുതല്‍ ഇ-ഓഫീസ് സംവിധാനം. പൊതുമരാമത്ത് പ്രവൃത്തികള്‍ നിശ്ചിത കാലയളവിനുള്ളില്‍ തടസങ്ങളില്ലാതെ ഗുണമേന്മയോടെ പൂര്‍ത്തീകരിക്കുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു.

മഴക്കാലത്ത് റോഡ് പ്രവൃത്തി നടത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ തേടും. സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം ജനുവരിയില്‍ നിലവില്‍ വരും. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണം മഴ മാറിയാല്‍ അഞ്ചുദിവസത്തിനകം പൂര്‍ത്തീകരിക്കും. റോഡുകളില്‍ ശാശ്വത ഡ്രൈനേജ് സംവിധാനമൊരുക്കാന്‍ ശ്രമം നടത്തും.

പൊതുമരാമത്ത് വകുപ്പിനെ സുതാര്യമാക്കുകയും അഴിമതി രഹിതമാക്കുകയും പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണത്തില്‍ എം.എല്‍.എമാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശുചിത്വം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.