മലപ്പുറം: വനിതാ ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഗാര്‍ഹിക പീഡന- സ്ത്രീധന നിരോധന ദിനാചരണവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡി.ആര്‍.ഡി.എ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ കരീം അധ്യക്ഷനായി. ശൈശവ വിവാഹം, സത്രീധനം മൂലമുണ്ടാകുന്ന സാമൂഹിക മാനസിക പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. ഷഹീന്‍ പിലാക്കല്‍ സെമിനാര്‍ നടത്തി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവാസനിപ്പിക്കുന്നതിനായി ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ഗാര്‍ഹിക പീഡന- സ്ത്രീധന നിരോധന ദിനം ആചരിച്ചത്. ക്യാമ്പയിന്റെ ഭാഗമായി സ്ത്രീധന നിരോധനം, ഗാര്‍ഹിക പീഡന നിരോധനം, ശൈശവ വിവാഹം തടയല്‍, പൊതു ഇടം എന്റെതും തുടങ്ങിയ വിഷയങ്ങളില്‍ വിവിധ ബോധവത്ക്കരണ പരിപാടികള്‍, സെമിനാറുകള്‍, ചര്‍ച്ച, ഹാഷ് ടാഗ്, ക്യാമ്പയിന്‍, സൈക്കിള്‍ സന്ദേശ റാലി, ചുവര്‍ ചിത്ര മത്സരം, രാത്രി നടത്തം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ജില്ലാവനിത ശിശുവികസന ഓഫീസര്‍ എ.എ ഷറഫുദ്ദീന്‍, ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ വി.എം റിംസി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫീസര്‍ ഗീതാഞ്ജലി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.എസ് പ്രമീള, വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍ ടി. ബാസിമ തുടങ്ങിയവര്‍ പങ്കെടുത്തു.