ഉപ്പള ഗവ. സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത് മുടി മുറിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു. ദൃശ്യമാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്മാന് കെ.വി.മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്ലസ് ടു പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുട്ടിയെ റാഗ് ചെയ്യുകയും മുടി മുറിക്കുകയും ചെയ്തത്.
ബേക്കൂര്‍ ഉള്‍പ്പെടെ മറ്റു സ്കൂളുകളിലും സമാന സംഭവങ്ങള്‍ നടന്നിട്ടുള്ളതായും വാര്‍ത്തയില്‍ പരാമര്‍ശമുണ്ട്. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും മഞ്ചേശ്വരം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി.