സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളെയും അധ്യാപകരെയും സൃഷ്ടിക്കാന്‍ പദ്ധതികള്‍ വേണം- ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് 

സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളെയും അധ്യാപകരെയും വളര്‍ത്തിക്കൊണ്ടുവരുന്നതിന് ഡയറ്റ് പദ്ധതികള്‍ തയ്യാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. മായിപ്പാടി യില്‍ ഡയറ്റ് പരിപാടി ഉപദേശകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പരിശീലന പദ്ധതികളിലും സാമൂഹികപ്രതിബദ്ധത പ്രധാന വിഷയം ആകണമെന്നും പ്രസിഡണ്ട് പറഞ്ഞു ഗണിതം എളുപ്പം പഠിക്കാന്‍ സഹായിക്കുന്ന മടിക്കൈ പഞ്ചായത്തില്‍ നടപ്പാക്കുന്ന മഞ്ചാടി പദ്ധതി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്നും ഇതിന് ജല്ലാപഞ്ചായത്ത് തുക വകയിരുത്തുമെന്നും പ്രസിഡണ്ട് പറഞ്ഞു.

കൊറഗ ഗോത്രവിഭാഗമേഖലയില്‍ വിദ്യാഭ്യാസപുരോഗതിക്ക് സംയോജിത പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ സരിത എസ് എന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എം ബാലന്‍ ആമുഖപ്രഭാഷണം നടത്തി. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഉമേഷ് ഗട്ടി സംസാരിച്ചു.

നടപ്പ് അധ്യയന വര്‍ഷത്തെ ഡയറ്റ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ലക്ചറര്‍ വി മധുസൂദനന്‍, പ്രവര്‍ത്തന കലണ്ടര്‍ സംബന്ധിച്ച ഡോവിനോദ് കുമാര്‍ പെരുമ്പള എന്നിവര്‍ സംസാരിച്ചു. എസ് സി ആര്‍ ടി പ്രതിനിധി സുരേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ ശ്രീജന്‍ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രദീപ്കുമാര്‍ കാഞ്ഞങ്ങാട്. ഡീ ഇ ഒ ഭാസ്‌കരന്‍, ബേക്കല്‍ എ ഇ ഒ ശ്രീധരന്‍, കുമ്പള എ ഇ ഒ യതീഷകുമാര്‍ റായ്, സര്‍വ്വശിക്ഷാ കേരള ഡി പി സി പി രവീന്ദ്രന്‍, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ എം പി രാജേഷ് , ജില്ല പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പ്രതിനിധി കുശല തുടങ്ങിയവര്‍ സംസാരിച്ചു.

പ്രാദേശിക ചരിത്ര പഠനത്തിന് മുന്‍ഗണന നല്‍കും

നടപ്പ് അധ്യയന വര്‍ഷം പ്രാദേശിക ചരിത്രപഠനത്തിന് വിവിധ തലങ്ങളിലുള്ള പരിശീലനപരിപാടി സംഘടിപ്പിക്കുന്നതിന് പ്രധാന പരിഗണന നല്‍കുമെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ എം ബാലന്‍ പറഞ്ഞു. ജില്ലയിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണപരമായ നേതൃത്വം നല്‍കുന്ന ഡയറ്റ് പ്രീ സര്‍വീസ് ഇന്‍ സര്‍വീസ് മേഖലകളിലായി വിവിധ പരിശീലനങ്ങള്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ പഠനങ്ങള്‍ പഠനസാമഗ്രികള്‍ തയ്യാറാക്കല്‍ സംയോജിത വിദ്യാഭ്യാസം മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. മായിപാടിയിലെ ഡയറ്റ് ക്യാമ്പസ് ജൈവവൈവിധ്യ ക്യാമ്പസ് ആയി മാറ്റും.

നാട്ടു മാവിന്‍ തൈകള്‍ നട്ടു പിടിപ്പിക്കും ഓഡിയോ-വീഡിയോ അക്കാദമിക് സ്റ്റുഡിയോ, എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു ജില്ലാ സാക്ഷരതാ മിഷനുമായി ചേര്‍ന്ന് ഗോത്രമേഖലയില്‍ നിരക്ഷരത നിര്‍മാര്‍ജനം പദ്ധതി തയ്യാറാക്കും, വിദ്യാലയങ്ങളില്‍ മീഡിയ ക്ലബ് രൂപീകരിച്ച് ജില്ലാതലത്തില്‍ ഏകോപനം നടത്തുന്നത് പരിഗണിക്കും. ഗവേഷണ പ്രവര്‍ത്തനങ്ങളുടെ പൊതുജനങ്ങളില്‍ നിന്നുള്ള ഫീഡ്ബാക്ക് തയ്യാറാക്കും. ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമികമായി ഗുണപരമായ നേതൃത്വം നല്‍കുകയാണ് ലക്ഷ്യമെന്നും പ്രിന്‍സിപ്പല്‍ ഡോ എം ബാലന്‍ പറഞ്ഞു