കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് 80 കോടി രൂപ അടിയന്തിര സഹായം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു.  വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിന് ജില്ലയിലെത്തിയ മന്ത്രി  ചെങ്ങളം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുവേയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് 280 കോടി രൂപ ദുരിതാശ്വാസ വിഹിതമായി  നീക്കി വെച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് അടിയന്തിര സാഹായമായി 80 കോടി അനുവദിച്ചിട്ടുള്ളത്. നാശ നഷ്ടം സംബന്ധിച്ച കൂടുതല്‍ വിശദമായ കണക്കെടുപ്പിന് കേന്ദ്ര സര്‍ക്കാരിന്റ വിവിധ മന്ത്രാലയങ്ങളുടെ   ഉന്നത തല ഉദ്യോഗസ്ഥ സംഘം പത്ത് ദിവസത്തിനകം കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി, നീതി ആയോഗ്, കൃഷി, ഗതാഗതം തുടങ്ങിയ മന്ത്രാലയ പ്രതിനിധികള്‍  ഉള്‍പ്പെടുന്ന സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സഹായം അനുവദിക്കും.. ദുരിതാശ്വസ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേകിച്ചും ഭക്ഷണം, ചികിത്സ എന്നിവയ്ക്കായി കാര്യക്ഷമമായ സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഒരുക്കിയിട്ടുള്ളതെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. 23 -ാം തീയതിയോടെ  കാലവര്‍ഷം കനക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ദുരന്ത നിവാരണ സേനയുടെ നാല് ടീമിനെ കൂടി കേരളത്തില്‍ നിയോഗിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രകൃതി ക്ഷോഭത്തെ ഫലപ്രദമായി നേരിടുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനയുടെ ഹെലികോപ്ടറില്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര സംഘത്തോടൊപ്പം എത്തിയ മന്ത്രി ചെങ്ങളം ദുരിതാശ്വാസ ക്യാമ്പിനു പുറമേ  കുമരകം ഭാഗത്തെ വെള്ളക്കെട്ട് പ്രദേശങ്ങളും നിരീക്ഷിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി വി. എസ്  സുനില്‍ കുമാര്‍, ചീഫ് സെക്രട്ടറി ടോം  ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച് കുര്യന്‍ എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.  ജോസ് കെ മാണി എം.പി, എം. എല്‍.എമാരായ അഡ്വ. കെ .സുരേഷ് കുറുപ്പ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ തുടങ്ങിയവരുമായി  സംഘം കാലവര്‍ഷക്കെടുത്തി സംബന്ധിച്ച് ആശയ വിനിമയം നടത്തി.