കോട്ടയം: ജില്ലയിലെ സ്‌കൂളുകളിൽ കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ വിവരം ആരോഗ്യവകുപ്പിനു കൈമാറാൻ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം. കളക്‌ട്രേറ്റിൽ ചേർന്ന വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ജില്ലാതല ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറാണ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയത്.
കോവിഡാനന്തരം തുറന്ന ജില്ലയിലെ സ്‌കൂളുകളുടെ ഭൗതികസാഹചര്യവും വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളുമടക്കം വിലയിരുത്താൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന യോഗം ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിൽ വൃത്തിഹീനമായി
ശുചിമുറികളും പരിസരവും കിടപ്പുണ്ടെങ്കിൽ അടിയന്തരമായി ശുചീകരിക്കാൻ പഞ്ചായത്ത് ഉപഡയറക്ടറോട് നിർദ്ദേശിച്ചു. ഏറ്റുമാനൂരിൽ സ്‌കൂൾ കെട്ടിട പരിസരത്ത് രാത്രികാലത്തെ സാമൂഹികവിരുദ്ധശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. മോശപ്പെട്ട പഠനാന്തരീക്ഷത്തിൽ വളരുന്ന ശ്രദ്ധയും പരിചരണവും വേണ്ട കുട്ടികളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കാനും സ്‌കൂളിലെത്തിച്ച് വിദ്യാഭ്യാസം നൽകാനും ശിശുക്ഷേമ സമിതിയോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും നിർദ്ദേശിച്ചു.
കരൂർ സർക്കാർ സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നതും പുതിയ കെട്ടിടം വേണമെന്ന ആവശ്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കോരുത്തോട് പഞ്ചായത്തിലെ ആറു പട്ടികവർഗ വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു.
കമ്മിഷനംഗം പി.പി. ശ്യാമളദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ മുഖ്യപ്രഭാഷണവും കമ്മിഷനംഗം സി. വിജയകുമാർ വിഷയാവതരണവും നടത്തി. ഡിവൈ.എസ്.പി. ഗിരീഷ് പി. സാരഥി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർ മാണി ജോസ്, ജില്ലാ ട്രാൻസ്പോർട് ഓഫീസർ പി. അനിൽകുമാർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.എസ്. മല്ലിക, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർമാർ, ബാലാവകാശ സംരക്ഷണ കമ്മിഷൻ സീനിയർ ടെക്നിക്കൽ ഓഫീസർ കെ. ലതിക, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.