അട്ടപ്പാടി മേഖലയിലെ വന്യമൃഗ ശല്യം കുറയ്ക്കുന്നതിനായി അവയെ ആകൃഷ്ടരാക്കുന്ന പ്രദേശത്തെ ഫലവര്ഗങ്ങള് വി.എഫ്.പി.സി.കെ ഏറ്റെടുത്ത് സംഭരിക്കാന് നടപടി സ്വീകരിക്കണമെന്ന് എ.ഡി.എം കെ.മണികണ്ഠന് കൃഷി വകുപ്പിന് നിര്ദേശം നല്കി. ഇത്തരത്തില് പഴവര്ഗങ്ങളും പച്ചക്കറികളും ശേഖരിക്കുകയാണെങ്കില് കര്ഷകര്ക്ക് വരുമാനമാവുകയും കാട്ടുമൃഗ ശല്യത്തിന് ഒരു പരിധി വരെ തടയിടാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ് കലക്ടര് ബല്പ്രീത് സിങ് അധ്യക്ഷത വഹിച്ച് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്ദേശം.
മുതലമട ചപ്പക്കാട് ആദിവാസി കോളനിയിലെ രണ്ട് യുവാക്കളെ കാണാതായ സംഭവത്തില് 13 അംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്ജ്ജിതമാക്കിയതായി അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അറിയിച്ചു. യുവാക്കളെ കാണാതായ സമയത്തെ ടവര് ലൊക്കേഷന് പരിശോധിച്ച് ആ പരിസരത്തുള്ള തോട്ടങ്ങള്, കിണറുകള്, കുളങ്ങള് എന്നിവ പരിശോധിക്കുകയും ബന്ധുക്കളുടെ വീടുകള് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതായും ഡി.വൈ.എസ്.പി അറിയിച്ചു.
ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം നടപ്പിലാക്കുന്ന അതിദരിദ്രരെ കണ്ടെത്തുന്ന സര്വ്വേയ്ക്ക് കൃഷി അസിസ്റ്റന്റുമാരുടെ സഹകരണം ലഭ്യമാക്കണമെന്ന് എം.എല്.എമാര് ആവശ്യപ്പെട്ടു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട തിരക്കുകള് മൂലമാണ് കൃഷി അസിസ്റ്റന്റുമാര്ക്ക് പങ്കെടുക്കാന് പറ്റാത്തതെന്ന് പ്രിന്സിപ്പല് കൃഷി ഓഫീസര് അറിയിച്ചു.
റോഡുകള് നിര്മ്മിക്കുന്നതിന് മുന്പ് കുടിവെള്ള പൈപ്പ് ലൈനുകള് സ്ഥാപിക്കുകയാണെങ്കില് റോഡ് നിര്മിച്ചതിനു ശേഷമുള്ള കുത്തിപ്പൊളിക്കല് ഒഴിവാക്കാമെന്ന് എ.പ്രഭാകരന് എം.എല്.എ പറഞ്ഞു. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സമയപരിധി കഴിഞ്ഞിട്ടും പണി പൂര്ത്തിയാക്കാത്ത കെട്ടിടങ്ങള് ഉടന് പണി പൂര്ത്തിയാക്കാന് നടപടിയെടുക്കണമെന്നും എം.എല്.എ പറഞ്ഞു. ഇതിനായി ബന്ധപ്പെട്ട എം.എല്.എ, സ്‌കൂള് പി.ടി.എ, പ്രിന്സിപ്പല്, കമ്പനി, കരാറുകാരന് എന്നിവരുടെ യോഗം വിളിച്ചു ചേര്ക്കാന് തീരുമാനിച്ചു. പണി പൂര്ത്തിയാക്കാന് കാലതാമസം എടുക്കുന്ന കമ്പനികളെ കരിമ്പട്ടികയില് ഉള്പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
രണ്ടാം വിളയ്ക്ക് വെള്ളം തുറക്കുന്നതിന് മുന്പ് മീങ്കര ഇടതു കനാല് വൃത്തിയാക്കണമെന്ന് രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി യോഗത്തില് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയില് ഉള്പ്പെടുത്തി ചെയ്യാന് സാധിക്കാത്ത സാഹചര്യത്തില് ടെന്ഡര് നടപടികള് പുരോഗമിക്കുന്നതായി ജലസേചന വകുപ്പ് അധികൃതര് അറിയിച്ചു. ജലജീവന് മിഷനുമായി ബന്ധപ്പെട്ട് മണ്ഡലാടിസ്ഥാനത്തില് അവലോകന യോഗം ചേരണമെന്ന് കെ.ബാബു എം.എല്.എ പറഞ്ഞു. കാലവര്ഷക്കെടുതിയില് കൃഷി നശിച്ച കര്ഷകര്ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായുള്ള നടപടികള് വേഗത്തിലാക്കാനും എം.എല്.എ ആവശ്യപ്പെട്ടു.
പ്രകൃതിക്ഷോഭം മൂലം ഒന്നാം വിള നെല്കൃഷി വ്യാപകമായി നശിച്ച സാഹചര്യത്തില് വിള ഇന്ഷുറന്സ് പദ്ധതി പ്രകാരം കര്ഷകര്ക്ക് പരമാവധി ധനസഹായം ലഭ്യമാക്കാനും നനഞ്ഞതും നിറവ്യത്യാസമുള്ളതുമായ നെല്ല് ഏറ്റെടുക്കാനും വിളവ് കുറവായ സാഹചര്യത്തില് നിലവില് തീരുമാനിച്ച 28 രൂപ എന്നതില് ഭേദഗതി വരുത്തി പരമാവധി വില വര്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.ഡി പ്രസേനന് എം.എല്.എയുടെ പ്രതിനിധി നൂര് മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. കൂടാതെ സംഭരണ നടപടികള് സമയ ബന്ധിതമായി പൂര്ത്തീകരിക്കണമെന്നും ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ചു. എം.എല്.എ മാരായ എ.പ്രഭാകരന്, കെ.ബാബു എന്നിവര് പ്രമേയത്തെ പിന്താങ്ങി.
യോഗത്തില് ജില്ലാ പ്ലാനിംഗ് ഓഫീസര് എലിയാമ്മ നൈനാന്, വകുപ്പ് തല ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.