പഠ്ന ലിഖ്ന അഭിയാന്‍ പ്രത്യേക സാക്ഷരതാ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആലോചനായോഗവും ശില്പശാലയും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി.

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തുന്ന പ്രത്യേക സാക്ഷരതാ പദ്ധതിയാണ് പഠ്ന ലിഖ്ന അഭിയാന്‍. പൂര്‍ണമായും നിരക്ഷരത ഇല്ലാതാക്കുക ലക്ഷ്യത്തോടെ പാലക്കാട് ഉള്‍പ്പടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് കേന്ദ്ര സാക്ഷരതാപദ്ധതിയില്‍ കേരളത്തെ പരിഗണിക്കുന്നത്.

അഞ്ചു ജില്ലകളിലായി 15 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ട് ലക്ഷം പേരെ സാക്ഷക്ഷരാക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ഗുണഭോക്താക്കളാക്കിയാണ് പദ്ധതി നടപ്പാക്കുക.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘാടകസമിതികള്‍ രൂപീകരിച്ച് സാമൂഹികസന്നദ്ധ പ്രവര്‍ത്തകര്‍ സാക്ഷരത – തുടര്‍ വിദ്യാഭ്യാസപ്രവര്‍ത്തകര്‍, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, എന്‍.സി.ഇ.സി, എന്‍.എസ്.എസ്, എസ്.സി/ എസ്.ടി. പ്രൊമോട്ടര്‍മാര്‍ , നെഹ്റു യുവകേന്ദ്ര പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരെ സംഘടിപ്പിച്ച്് ബഹുജന ക്യാമ്പയിനായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

പദ്ധതി പ്രകാരം എട്ടുമുതല്‍ 10 പഠിതാക്കള്‍ക്ക് ഒരു വൊളന്ററി ടീച്ചറെന്ന രീതിയില്‍ പൂര്‍ണമായും സന്നദ്ധ പ്രവര്‍ത്തനമെന്ന നിലയിലാണ് ടീച്ചര്‍മാരെ തെരഞ്ഞെടുക്കുന്നത്. സാക്ഷരതാ പ്രേരക്മാരാണ് പഞ്ചായത്തുകളില്‍ മുഖ്യ സംഘാടകര്‍. സര്‍വേ, പരിശീലനം, അധ്യാപക പരിശീലനം, പഠനപ്രക്രിയ , പരീക്ഷ , മൂല്യനിര്‍ണയം എന്നിവ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ പാഠ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍. 120 മണിക്കൂര്‍ ക്ലാസാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലാ – മുനിസിപ്പാലിറ്റി – പഞ്ചായത്ത് തലത്തില്‍ സംഘാടക സമിതി രൂപീകരിച്ചാണ് പദ്ധതി ഏകോപിപ്പിക്കുന്നത്

യോഗത്തില്‍ എ.ഡി.എം. കെ. മണികണ്ഠന്‍ മുഖ്യാതിഥിയായി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റ് മാര്‍, സെക്രട്ടറിമാര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.