ചെറിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചലച്ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്കുള്ള അവസരമാണ് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയെന്ന് ക്യാമ്പസ് സംവിധായകര്‍. പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയോട് അനുബന്ധിച്ച് നടന്ന മീറ്റ് ദ പ്രസില്‍ പങ്കെടുക്കവെയാണ് ക്യാമ്പസ് സംവിധായകരായ നിപിന്‍ നാരായണന്‍, ഗോകുല്‍ ആര്‍. നാഥ്, ശങ്കര്‍ എന്നിവര്‍ ഈ അഭിപ്രായം പങ്കുവെച്ചത്. പഠനത്തിന്റെ ഭാഗമായി അധ്യാപകര്‍ നല്‍കിയ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് പല ക്യാമ്പസ് സംവിധായകരും ആദ്യസംരംഭത്തിന് തുടക്കം കുറിച്ചത്. സാഹചര്യങ്ങളും പരിമിതികളും സ്വപ്നങ്ങളെ പിടിച്ചുകെട്ടില്ലെന്നാണ് തങ്ങളിലെ സംവിധായകര്‍ തെളിയിച്ചെന്നും നിപിന്‍ നാരായണ്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ് ഹ്രസ്വചിത്രങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍ ആ അവസ്ഥ മാറിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച സാധാരണക്കാര്‍ക്കും സിനിമയെടുക്കാവുന്ന അവസ്ഥയിലെത്തിച്ചതായി ഗോകുല്‍ ആര്‍ നാഥ് അഭിപ്രായപ്പെട്ടു. മികച്ച സിനിമകള്‍ക്ക് ഇത്തരം മേളകള്‍ വേദിയാവുന്നത് സന്തോഷകരമാണെന്നും സംവിധായകര്‍ അഭിപ്രായപ്പെട്ടു. സംവിധായകരായ സജീദ് നടുത്തുടി, ഷാജി മതിലകം, അഭിലാഷ് വിജയന്‍, ആദിത്യ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.