മേളയുടെ മൂന്നാം ദിനമായ ജൂലൈ 22ന് 14 വിഭാഗങ്ങളിലായി 55 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കോളനിവത്കരണവും കുടിയേറ്റവും ദുരിതക്കയത്തിലാക്കിയ കുടുംബത്തിന്റെ കഥ പറയുന്ന അബു, ഗോസ്റ്റ് ഹണ്ടിംഗ്, വാരിയര്‍, ദ് സൈലന്റ് ചൈല്‍ഡ് എന്നിവയാണ് രാജ്യാന്തര വിഭാഗത്തിലെ ചിത്രങ്ങള്‍. ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം, ലോങ് & ഷോര്‍ട് ഡോക്യുമെന്ററി മത്സര വിഭാഗങ്ങളിലായി 19 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ബാബ്‌റി മസ്ജിദിനെതിരെ നടത്തിയ പ്രചാരണങ്ങളും വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യങ്ങളും പകര്‍ത്തിയ ആനന്ദ് പട് വര്‍ദ്ധന്റെ ശ്രദ്ധേയമായ രാം കെ നാം എന്ന ചിത്രം ഇന്ന് രാവിലെ 11.45 ന് പ്രദര്‍ശിപ്പിക്കും. ആനിമേഷന്‍ വിഭാഗത്തില്‍ ഹൈഡ് ആന്റ് സീക്ക്, ക്യൂരിയോസിറ്റി, കാക്കക്കൂട് എന്നിവ ഉള്‍പ്പെടെ 5 ചിത്രങ്ങളാകും ഇന്ന് പ്രദര്‍ശിപ്പിക്കുക.
മ്യൂസിക് വീഡിയോകളുടെ ഏക പ്രദര്‍ശനം ഇന്ന് ശ്രീ തിയേറ്ററിലാണ് നടക്കുന്നത്. വൈറ്റ് കാരിദെയ്, ഡിസ്‌പ്ലെയ്‌സ്‌മെന്റ്, ഫൈനല്‍ ഓഫറിങ് തുടങ്ങിയ 8 വീഡിയോകളാണ് പ്രദര്‍ശനത്തിനുള്ളത്. കെ.ആര്‍. മനോജിന്റെ വര്‍ക്ക് ഓഫ് ഫയറിന്റെ പ്രത്യേക പ്രദര്‍ശനം വൈകിട്ട് 6.15 ന് ശ്രീ തിയേറ്ററില്‍ നടക്കും. ഉത്സവാഘോഷങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പടക്കനിര്‍മ്മാണ വ്യവസായത്തിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുന്നതാണ് ഇതിന്റെ പ്രമേയം.
എന്‍ഗേജിങ് വിത്ത് സെക്ഷ്വാലിറ്റി വിഭാഗത്തില്‍ ഏക പ്രദര്‍ശനവും ഇന്ന് നടക്കും. അഞ്ചു സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനുള്ളത്. ഗൗരി ലങ്കേഷിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഡോക്യുമെന്ററി നമ്മ ഗൗരി, സിനിഫീലിയ വിഭാഗത്തില്‍ ഹെന്റി ലഗ്ലോയിസ് : ഫാന്റം ഓഫ് ദ സിനെമാത്തെക് എന്നിവയും ഇന്ന് മേളയിലുണ്ടാകും.