വിദ്യാകിരണം പദ്ധതി, വിദ്യാഭ്യാസ മേഖലയുടെ മൂല്യങ്ങൾ ബലപ്പെടുത്തും: മന്ത്രി കെ രാജൻ
ആദിവാസി മേഖലയിലെ വിദ്യാർത്ഥികളെ പൊതു സാഹചര്യങ്ങളിലേയ്ക്ക് ഉയർത്തുക എന്നതാണ് വിദ്യാകിരണം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് റവന്യൂ മന്ത്രി കെ.രാജൻ. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഇ കെ എം യു പി വാണിയമ്പാറ സ്കൂളിൽ നിർധനരായ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി.
നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയുടെ മൂല്യങ്ങൾ ബലപ്പെടുത്തുക കൂടിയാണ് വിദ്യാകിരണത്തിലൂടെ ചെയ്യുന്നത്. മറ്റ് വിഭാഗം കുട്ടികളെയും പൊതുവിദ്യാഭ്യാസത്തിന്റെ അന്തർധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള പദ്ധതികളും ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.വാണിയമ്പാറ എൽ പി സ്കൂളിലെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസിലെ 58 ആദിവാസി വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് ആർ ഓമന, പി ടി എ പ്രസിഡന്റ് എ ആർ രമേഷ്, ആദിവാസി കോളനി പ്രൊമോട്ടർമാർ, വാർഡ് മെമ്പർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.