സംസ്ഥാന സർക്കാർ ആവിഷ്കരിച്ച “സ്ട്രീറ്റ്” എന്ന അനുഭവവേദ്യ ടൂറിസം പദ്ധതിയിൽ തൃത്താല മണ്ഡലത്തിലെ തൃത്താല, പട്ടിത്തറ ഗ്രാമ പഞ്ചായത്തുകളെ ഉൾപ്പെടുത്തി. സംസ്ഥാനത്താകെ ഒൻപത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. അതിൽ രണ്ട് പഞ്ചയത്തുകൾ തൃത്താല മണ്ഡലത്തിലാണ്. സ്പീക്കർ എം ബി രാജേഷ് സമർപ്പിച്ച നിർദ്ദേശമനുസരിച്ചാണ് സർക്കാർ തീരുമാനം. ഇതിന്റെ പ്രഖ്യാപനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തി.

പദ്ധതിയുടെ വിശദാംശങ്ങൾ പ്രാദേശികതലത്തിൽ ആലോചിക്കാനുള്ള ആദ്യ യോഗം ഡിസംബറിൽ നടത്തുമെന്ന് സ്പീക്കർ എം ബി രാജേഷ് അറിയിച്ചു.

സ്ട്രീറ്റ് പദ്ധതിയിലൂടെ ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കായി തൃത്താല, പട്ടിത്തറ പ്രദേശങ്ങളുടെ സവിശേഷതകൾ അവതരിപ്പിക്കാൻ കഴിയും. സഞ്ചാരികൾക്ക് മികച്ച അനുഭവവും തദ്ദേശീയ ജനതക്ക് വിനോദസഞ്ചാരത്തിൽ സജീവ പങ്കാളിത്തവും വരുമാനവും ലഭിക്കും.

ഓരോ പ്രദേശത്തിന്റേയും സാധ്യത കണക്കിലെടുത്ത്, കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ തെരുവുകള്‍ സജ്ജീകരിക്കുന്നതാണ് സ്ട്രീറ്റ് പദ്ധതി. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്‌നിക് ക്യുസീന്‍ / ഫുഡ് സ്ട്രീറ്റ് , വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് / എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെ തെരുവുകള്‍ നിലവില്‍ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കും. പൂര്‍ണ്ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശ വാസികള്‍ക്കും ടൂറിസം മേഖലയില്‍ മുഖ്യ പങ്ക് വഹിക്കാനാവും വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.

ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപം നല്‍കിയത്. സസ്‌റ്റൈനബിള്‍ ( സുസ്ഥിരം), ടാഞ്ചിബിള്‍ (കണ്ടറിയാവുന്ന ), റെസ്‌പോണ്‍സിബിള്‍ (ഉത്തരവാദിത്തമുള്ള ), എക്‌സ്പീരിയന്‍ഷ്യല്‍ (അനുഭവവേദ്യമായ), എത്‌നിക്ക് ( പാരമ്പര്യ തനിമയുള്ള) ടൂറിസം ഹബ്‌സ് (വിനോദ സഞ്ചാര കേന്ദ്രങ്ങള്‍) എന്നതിന്‍റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.

ഓരോ നാടിന്‍റെയും തനിമ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം വികസനം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തും. ജനപങ്കാളിത്തമുള്ള പുതിയ ടൂറിസം സംസ്‌ക്കാരത്തിലേക്ക് നാടിനെ ഉയർത്തും.

മൂന്ന് വിഭാഗത്തില്‍പ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് രൂപപ്പെടുത്തുന്നത്.
നാളിതുവരെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതും എന്നാല്‍ ഭാവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാവുന്നതുമായ ടൂറിസം കേന്ദ്രങ്ങള്‍.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യമുള്ളതും എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് നവ്യാനുഭവങ്ങള്‍ സമ്മാനിക്കാനുതകുന്നതും ലെംഗ്ത് ഓഫ് സ്റ്റേ (താമസ ദൈര്‍ഘ്യം) വര്‍ധിപ്പിക്കാനുതകുന്നതുമായ പ്രദേശങ്ങള്‍. നിലവില്‍ ചെറിയ തോതില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റാന്‍ കഴിയുന്നതുമായ പ്രദേശങ്ങള്‍ എന്നിങ്ങനെയാണ് മൂന്ന് വിഭാഗങ്ങൾ. ഇതിൽ ആദ്യത്തെ വിഭാഗത്തിലാണ് തൃത്താല ഉൾപ്പെടുന്നത്. അതുവഴി ലോക ടൂറിസം ഭൂപടത്തിൽ തൃത്താലയെ അവതരിപ്പിക്കുകയാണ് സ്ട്രീറ്റ് പദ്ധതി.

ഭാരതപ്പുഴ, പട്ടിക്കായൽ, നിരവധി കുളങ്ങൾ അടക്കമുള്ള ജലസ്രോതസ്സുകൾ, പറയിപെറ്റ പന്തിരുകുലം ഐതിഹ്യം, സാഹിത്യരംഗത്തെ അതികായരുടെ ജന്മഗൃഹങ്ങൾ, നാടൻ കലകൾ, പരമ്പരാഗത കലകൾ, ഭക്ഷണ വൈവിധ്യം, ആയുർവേദം, ശിൽപഭംഗിയുള്ള പഴയ കെട്ടിടങ്ങൾ, പ്രശസ്തമായ ആരാധനാലയങ്ങൾ, ഉത്സവങ്ങൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന നിരവധി ഘടകങ്ങൾ തൃത്താലയിലുണ്ട്. ഇവ ഉപയോഗിച്ച് സഞ്ചാരികൾക്ക് മികച്ച അനുഭവം ഒരുക്കാൻ കഴിയും.

നാല് വര്‍ഷം കൊണ്ട് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തി പുതിയ തദ്ദേശീയ യൂണിറ്റുകള്‍ രൂപീകരിക്കും. ഇവയില്‍ വനിതാ സംരംഭങ്ങള്‍ക്കും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍, കാര്‍ഷിക വിനോദ സഞ്ചാരം എന്നിവക്കും പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.

തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ കല, സംസ്കാരം, പാരമ്പരാഗത തൊഴിലുകൾ, കാർഷികവൃത്തി, അനുഷ്ഠാന കലകൾ, നാടൻകലകൾ, ഭക്ഷണ വൈവിധ്യം, ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, കലാ പ്രവർത്തകർ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്ന ടൂറിസം റിസോഴ്‌സ് മാപ്പിങ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തും. ഈ റിസോഴ്‌സ് മാപ്പിങിനെ ടൂറിസം റിസോഴ്‌സ് ഡയറക്ടറി ആയി മാറ്റി സാർവദേശീയ അടിസ്ഥാനത്തിൽ ടൂറിസ്റ്റുകൾക്ക് ലഭ്യമാക്കും. ഇത് ഉപയോഗിച്ച് സഞ്ചാരികൾ തൃത്താലയിലെത്തും.

ഇത്തരമൊരു പുതിയ ടൂറിസം പ്രവർത്തനത്തിന് ആവശ്യമായ തൊഴിൽ പരിശീലനം ഇതിൽ താൽപര്യമുള്ള തദ്ദേശീയരായ ആളുകൾക്ക് ലഭ്യമാക്കും. പരമ്പരാഗത രീതിയിലുള്ള വീടുകൾ കണ്ടെത്തി അവിടെ സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കി അക്കോമഡേഷൻ യൂണിറ്റുകളാക്കും. ടെന്റ് ക്യാമ്പുകൾ തുടങ്ങി വിവിധ തരാം അനുഭവവേദ്യ ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കും. ഗ്രാമീണ ടൂറിസം പ്രവർത്തനങ്ങൾ, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, ഭക്ഷണവൈവിധ്യം പരിചയപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾക്ക് മുൻ‌തൂക്കം നൽകും.

പ്രധാനമായും 10 സ്ട്രീറ്റുകളാണ് സജ്ജമാക്കുക. അത് ആർട്, ഹെറിറ്റേജ്, ജലം, ഭക്ഷണം, ഹരിതം അങ്ങനെ എന്തുമാകാം. സ്ട്രീറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു തെരുവല്ല. പല വാർഡുകളിലൂടെ കടന്നുപോകുന്ന ദൈർഘ്യമേറിയ ഒരു സ്ട്രീറ്റ് ആകാം. അതിലൂടെ സഞ്ചരിച്ചാൽ പ്രദേശത്തിന്റെ സവിശേഷമായ അനുഭവങ്ങൾ സഞ്ചാരികൾക്ക് ലഭിക്കും. നാടിന്റെ സാംസ്കാരിക പൈതൃകം അറിയാനും കലകൾ ആസ്വദിക്കാനും ഭക്ഷണവൈവിധ്യം നുകരാനും പ്രകൃതിയെ അടുത്തറിയാനും കഴിയും. വളരെ മനോഹരമായ ഒരു വിനോദസഞ്ചാര പ്രദേശം തദ്ദേശവാസികളുടെ സഹകരണത്തോടെ രൂപപ്പെടുത്തുകയും തദ്ദേശീയമായ താമസ-ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ടൂറിസ്റ്റുകൾക്ക് ഗൈഡുകളെ നിയോഗിക്കാനും കഴിയും. ഇതിന് ആവശ്യമായ പരിശീലനം നൽകും. പദ്ധതിയിലൂടെ, ഇതിൽ പങ്കാളികളാവുന്ന തദ്ദേശീയ ജനതയ്ക്ക് വരുമാനവും ലഭിക്കും.

എല്ലാ തരത്തിലും ജനകീയ തലത്തിൽ രൂപപ്പെടുത്തുന്ന ടൂറിസം പദ്ധതിയാണ് സ്ട്രീറ്റ്. റെസ്പോൺസിബിൾ ടൂറിസം മിഷൻ ഡയറക്ടർ കെ രൂപേഷ്കുമാർ ആണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.