വര്‍ത്തമാനകാലത്തെ പല കോടതിവിധികളിലും മോദി സര്‍ക്കാരിന്റെ ഭരണസ്വാധീനം പ്രകടമെന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. അതുകൊണ്ട് തന്നെ ആധാര്‍, ജസ്റ്റിസ് ലോധ, ബാബറി മസ്ജിദ് തുടങ്ങിയ കേസുകളില്‍ നീതിന്യായം  വിജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കലാ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്ന നിലപാടുകളാണ് സെന്‍സര്‍ഷിപ്പ് ഉള്‍പ്പടെ ഉള്ള വിഷയങ്ങളില്‍ കേന്ദ്ര ഗവണ്മെന്റ് സ്വീകരിക്കുന്നത്. രാജ്യമാകെ വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് സര്‍ക്കാരിനനുകൂലമാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനാണ് ശ്രമമെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍ വ്യക്തമാക്കി.
യാഥാര്‍ഥ്യങ്ങള്‍ ലോകത്തോട് പറയുന്നതില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും  ഏകാധിപത്യ ഭരണകൂടത്തിന് അനുകൂലമായ സാഹചര്യമല്ല ഇന്ത്യയിലുള്ളതെന്ന് സംവിധായകന്‍ രാകേഷ് ശര്‍മ്മ പറഞ്ഞു. കര്‍ശനമായ സെന്‍സര്‍ നിയമങ്ങള്‍ നിലവിലുണ്ടായിട്ടും അവയെ അതിജീവിച്ച സൃഷ്ടികള്‍ പല രാജ്യങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.