മനുഷ്യത്വത്തിന് മതിലുകള്‍ കെട്ടുന്നവരാണ് തന്റെ സഹോദരി ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് കവിതാ ലങ്കേഷ്.   ഫാസിസത്തിനെതിരെ നിലപാടെടുക്കുന്നവരെല്ലാം ഇന്ന് അപകടഭീഷണിയിലാണെന്നും രാജ്യമാകെ ഇന്ന് മനുഷ്യരെ തമ്മില്‍ വേര്‍തിരിച്ചു കാണുന്ന അവസ്ഥയാണെന്നും  അവര്‍ വ്യക്തമാക്കി. മേളയുടെ മുഖ്യവേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണാന്‍ പ്രോത്സാഹിപ്പിക്കുന്നവരാണ് ഇത്തരം അക്രമങ്ങള്‍ സംഘടിപ്പിക്കുന്നത്. ചരിത്രം കഥയും കഥയെ ചരിത്രവുമാക്കി വളച്ചൊടിക്കുകയാണ്. കലാലയങ്ങളെപ്പോലും ഫാസിസിസത്തിന്റെ ഉല്‍പാദന ശാലകളാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ചെറുപ്പക്കാര്‍ ഭാവിയുടെ പ്രവാചകരാണ്. സമൂഹം ഇത് ഗൗരവമായി കണ്ട് ഇടപെടണം. ഭയപ്പെടാതെ മുന്നോട്ട്‌പോകേണ്ട കാലമാണ് ഇതെന്നും ജനാധിപത്യ വിശ്വാസികള്‍ക്ക് ഇനിയും ഇടങ്ങള്‍ വിട്ടുകൊടുക്കാനാകില്ലെന്നും കവിത ലങ്കേഷ് പറഞ്ഞു. കവിതാ ലങ്കേഷിന്റെ ‘ദേവീരീ’ എന്ന ചിത്രം 2000 ലെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നേടിയിരുന്നു.