ആലപ്പുഴ: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സംരംഭകത്വ വികസന പദ്ധതി (ആര്‍കെ.ഐ-ഇ.ഡി.പി)വഴി ആലപ്പുഴ ജില്ലയില്‍ തുടങ്ങിയ 321 സംരംഭങ്ങളുടെ ഉദ്ഘാടനം ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നാളെ (2021 നവംബര്‍ 30) നിര്‍വഹിക്കും. 

പ്രളയത്തെത്തുടര്‍ന്ന് ഉപജീവന മാര്‍ഗം നഷ്ടമായവരെ സഹായിക്കുന്നതിന്  സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന 15 കോടി രൂപ ചിലവിട്ട് ചെങ്ങന്നൂര്‍(193), ചമ്പക്കുളം(76), വെളിയനാട്(52) ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 

ഓരോ പ്രദേശത്തും ലഭ്യമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിച്ച് തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ഉച്ചകഴിഞ്ഞ് മൂന്നിന് പുലിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്യണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിക്കും.

കോവിഡ് കാലത്ത് വിദേശത്തുനിന്നും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി തുടങ്ങിയ പേള്‍ പദ്ധതി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ അഗ്രിന്യൂട്രല്‍ ഗാര്‍ഡന്‍ കാമ്പയിനിന്റെ ഉദ്ഘാടനം ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ് നിര്‍വഹിക്കും.

ഓരോ വീട്ടിലും പൂര്‍ണ പോഷക ആവശ്യങ്ങള്‍ക്കായി കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജീകരിക്കുന്നതിന് ലക്ഷ്യമിട്ടാണ് അഗ്രി ന്യൂട്ട്രല്‍ ഗാര്‍ഡന്‍ കാമ്പയിന്‍ നടത്തുന്നത്. 

പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വത്സല മോഹന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോണി, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരന്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗ്ഗീസ്, ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, കുടുംബശ്രീ ഡി.എം.സി. ജെ. പ്രശാന്ത് ബാബു, മറ്റു തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.