ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവ്വെയുടെ ഭാഗമായി പ്രാഥമിക പട്ടിക തയ്യാറാക്കൽ പ്രക്രിയ പുരോഗമിക്കുന്നു. പുഴക്കൽ ബ്ലോക്കിലെ കോലഴി പഞ്ചായത്ത്‌ വാർഡ് മൂന്നിൽ നടന്ന പ്രാഥമിക പട്ടിക തയ്യാറാക്കൽ അവലോകന യോഗത്തിൽ ജില്ലാ  കലക്ടർ ഹരിത വി കുമാർ പങ്കെടുത്തു.

ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് വളരെ കൃത്യമായതും ഏകോപനപരവുമായ നടപടികളാണ് പുരോഗമിച്ച് വരുന്നതെന്ന് കലക്ടർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ് അതിദരിദ്രരെ കണ്ടെത്തുകയെന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ കാര്യക്ഷമമായി തന്നെ പൂർത്തിയാകുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.

പഞ്ചായത്ത്‌ വാർഡ് തല സമിതി ഫോക്കസ് ഗ്രൂപ്പ്‌ യോഗം ചേർന്ന് കണ്ടെത്തുന്നവരുടെ ലിസ്റ്റിൽ നിന്നാണ് അർഹരായവരുടെ പ്രാഥമിക പട്ടിക തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാർഡ് തല സമിതി അംഗീകരിച്ച ലിസ്റ്റ് അതാത് വാർഡുകളിൽ തിരഞ്ഞെടുക്കപ്പെട്ട എന്യുമറേറ്റർമാർക്ക് വിവരശേഖരണത്തിനായി കൈമാറും. ഒരു വാർഡിൽ രണ്ട് എന്യുമറേറ്റർമാരാണ് ഉണ്ടാവുക. ഈ ടീം വീടുകൾ സന്ദർശിച്ച്  മൊബൈൽ ആപ്പ് വഴി വിവരശേഖരണം നടത്തും.ലഭിക്കുന്ന ലിസ്റ്റുകൾ  ചെക്കിങ് ടീമിന് കൈമാറി അവരാണ് ലിസ്റ്റിൽ നിന്നും അർഹതപെട്ടവരെ കണ്ടെത്തുന്നത്.

ഇങ്ങനെ അന്തിമമാകുന്ന ലിസ്റ്റ് ഗ്രാമസഭകളും പിന്നീട് പഞ്ചായത്ത്‌ തലത്തിലും അംഗീകരിക്കുകയും അടുത്ത പഞ്ചവത്സര പദ്ധതികളിൽ ഇവരുടെ ഉന്നമനത്തിനായി  വേണ്ട മൈക്രോ പ്ലാനുകൾക്ക് രൂപം നൽകുകയും ചെയ്യുന്നു. ഐ എ എസ് റാങ്ക് ഹോൾഡർ കെ മീര, ബി ഡി ഒ ബി എം ചന്ദ്രമോഹൻ, കില ജില്ലാ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, പ്രൊജക്റ്റ്‌ ഡയറക്ടർ സെറീന എ റഹ്മാൻ, പുഴക്കൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജ്യോതി ടീച്ചർ, കോലഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി വിശ്വംഭരൻ, വാർഡ് മെമ്പർ ബീന രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.