തൃശൂരിനെ വയോജന സൗഹൃദ ജില്ലയാക്കുന്നതിന്റെ പ്രാരംഭഘട്ട നടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ യോഗം സംഘടിപ്പിച്ചു. കലക്ടറേറ്റ് ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ പങ്കെടുത്തു. 2017ൽ വിഭാവനം ചെയ്ത ‘സുശാന്തം’ എന്ന വയോജന സൗഹൃദ പദ്ധതിയുടെ തടസങ്ങൾ നീക്കി മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ സാധ്യതകൾ യോഗത്തിൽ ചർച്ച ചെയ്തു.

വിവിധ മേഖലകളിൽ വയോജനങ്ങൾക്കുള്ള അനുഭവജ്ഞാനവും നൈപുണ്യവും ജില്ലയുടെ വികസനത്തിന് ഉപയോഗിക്കാവുന്ന തരത്തിലുള്ള സമഗ്രമായ പദ്ധതിയാണ് ‘സുശാന്തം’. തെരുവിൽ അന്തിയുറങ്ങുന്നവർക്ക് താൽക്കാലിക ഭവനം, പാലിയേറ്റിവ് കെയർ തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ജനപ്രതിനിധികൾ, വിവിധ സർക്കാർ വിഭാഗങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി അടുത്ത ഘട്ട യോഗം ഡിസംബർ 14ന് നടക്കുമെന്ന് കലക്ടർ പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, കോസ്റ്റ് ഫോർഡ് ഡയറക്ടർ സി ചന്ദ്രബാബു, പ്ലാനിങ് കമ്മിറ്റി മെമ്പർ എം എൻ സുധാകരൻ, കോസ്റ്റ് ഫോർഡ് പ്രൊജക്ട് ഡയറക്ടർ എം എൻ സ്കന്ദകുമാർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ ജി രാഗപ്രിയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.