അന്താരാഷ്ട്ര ഭിന്നശേഷിദിനമായ ഡിസംബര്‍ മൂന്നിന് ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ദിനാചരണത്തിന്റെ ഉദ്ഘാടനം മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9.30 ന് കായിക വഖഫ് ഹജ്ജ് തീര്‍ത്ഥാടന റെയില്‍വേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.
പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മുഖ്യാതിഥിയാകും. പത്മശ്രീ പുരസ്‌കാരം നേടിയ ബാലന്‍ പൂതേരിയെ മന്ത്രിയും ഉജ്ജ്വലബാല്യം പുരസ്‌കാരം നേടിയ അല്‍വീനയെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം.മെഹറലിയും ആദരിക്കും. ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന ബ്രോഷര്‍ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം പ്രകാശനം ചെയ്യും.
കലാമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി വിതരണം ചെയ്യും. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ കരീം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറും.