വള്ളിക്കുന്ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള പദ്ധതി വേഗത്തിലാക്കാനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മണ്ഡലം തല വിദഗ്ധ സമിതി രൂപീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍, കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തിരൂരങ്ങാടി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പരപ്പനങ്ങാടി സബ് ഡിവിഷന്‍) എന്നിവരാണ് സമിതിയിലുള്ളത്.

തേഞ്ഞിപ്പലം, മൂന്നിയൂര്‍, വളളിക്കുന്ന്, ചേലേമ്പ്ര എന്നീ പഞ്ചായത്തുകള്‍ക്കും സര്‍വകലാശാലക്കും വേണ്ടി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ജല സംഭരണിക്കും ശുദ്ധീകരണശാലക്കുമായി ഒന്നര ഏക്കര്‍ സ്ഥലം സര്‍വകലാശാല കൈമാറാന്‍ ധാരണായിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സര്‍വകലാശാല അന്തിമ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഇ.കെ സതീഷന്‍ യോഗത്തില്‍ അറിയിച്ചു.

ജലവിഭവ വകുപ്പും സര്‍വകലാശാലയും തമ്മില്‍ സംയുക്ത പരിശോധന നടത്തി നിര്‍ദിഷ്ട പദ്ധതി സ്ഥലം സംബന്ധിച്ച സംയോജിച്ച തീരുമാനം അടിയന്തരമായി ഉണ്ടാക്കാനും നിര്‍ദേശം നല്‍കി. പള്ളിക്കല്‍ പഞ്ചായത്ത് രണ്ടാം ഘട്ട പദ്ധതിയുടെ ജലസംഭരണിക്കായുളള സ്ഥലം വിട്ടു കിട്ടുന്നതിനുളള നടപടി വേഗത്തിലാക്കാനും ജല വിഭവ വകുപ്പിന്റെ അധീനതയില്‍ മൂന്നിയൂര്‍ കുന്നത്ത് പറമ്പിലുളള സ്ഥലം അതിര്‍ത്തി നിര്‍ണ്ണയിച്ചു കല്ലിടുന്നതിനും കയ്യേറ്റം ഒഴിപ്പിക്കുന്നതിനും തീരുമാനമായി. ഇതിനായി കൊണ്ടോട്ടി താഹസില്‍ദാറെ ചുമതലപ്പെടുത്തി. പെരുവള്ളൂര്‍ ജലസംഭരണിക്കായി കണ്ടെത്തിയ സ്ഥലത്തിലെ റീ സര്‍വേ അപാകത പരിശോധിച്ച് തെറ്റുതിരുത്തി ഭൂമി കൈമാറ്റം വേഗത്തിലാക്കാനും തിരൂരങ്ങാടി താഹസില്‍ദാറെ നിയോഗിച്ചു.

യോഗത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അബ്ദുള്‍ കലാം, എം. മുഹമ്മദലി, എ.പി ജമീല, എന്‍.എം. സുഹറാബി, വൈസ്പ്രസിഡന്റുമാരായ ഹനീഫ ആച്ചാട്ടില്‍, മനോജ്, സ്ഥിരം സമിതി ചെയര്‍മാന്‍ എം.സുലൈമാന്‍, ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി. പ്രസാദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ റഷീദലി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എസ് അന്‍സാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷിബിന്‍ അശോക്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.പി.എം അഷ്‌റഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.കെ മുഹമ്മദ് ഷാഫി, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.സിദ്ദീഖ് ഇസ്മാഈല്‍, ഒവര്‍സിയര്‍ പി.ജിഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.