സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ -അരീക്കോട് റോഡ് ഗതാഗത യോഗ്യമാക്കാനായി അടിയന്തര പ്രവൃത്തികള്‍ ആരംഭിച്ചു. കിഫ്ബി പദ്ധതിയില്‍ 122 കോടി രൂപ ഉപയോഗിച്ചാണ് അന്തര്‍ദേശീയ നിലവാരത്തില്‍ റോഡ് നവീകരിക്കുന്നത്.

കൊണ്ടോട്ടി, മുതുവല്ലൂര്‍, ചീക്കോട്, വാഴക്കാട്, അരീക്കോട് എന്നി സ്ഥലങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. കൊണ്ടോട്ടി മുതല്‍ എടവണ്ണപ്പാറ വഴി അരീക്കോട് വരെ റോഡിന് 21 കിലോമീറ്റര്‍ ദൂരമാണുള്ളത്. റോഡ് 13.6 മീറ്റര്‍ വീതിയില്‍ റബറൈസ്ഡ് ടാറിങ്, ഡ്രൈനേജ്, ഫുട്പാത്ത്, ആവശ്യമായ സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഏരിയ, റോഡ് മാനദണ്ഡം അനുസരിച്ചുള്ള സിഗ്‌നലുകള്‍ തുടങ്ങിയവ സ്ഥാപിക്കും.

റോഡിന്റെ വശങ്ങളില്‍ കൈവരികള്‍ സ്ഥാപിച്ച് നടപ്പാത സ്ഥാപിക്കും. ഇതുള്‍പ്പെടെ 122 കോടി രൂപയുടെ അന്തിമാനുമതി ആണ് ലഭിച്ചിട്ടുള്ളത്. ഈ റോഡില്‍ ഉള്‍പ്പെടുന്ന എടവണ്ണപ്പാറ പാലം, പൂങ്കുടി പാലം എന്നിവ വീതികൂട്ടി പുതുക്കിപ്പണിയും. ഈ റോഡ് കടന്നുപോകുന്ന എല്ലാ ടൗണുകളും ആധുനിക രീതിയില്‍ നവീകരിക്കും.

കിഫ്ബിയില്‍ നിന്നും തുക വകയിരുത്തി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയ റോഡിന്റെ കരാര്‍ മലബാര്‍ ടെക് ആണ് ഏറ്റെടുത്തിട്ടുള്ളത്. റോഡ് ഗതാഗതയോഗ്യമാക്കാന്‍ വേണ്ടിയുള്ള അടിയന്തര പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിനം റോഡ് റീ ടാറിങ്, ഡ്രൈനേജ് കള്‍വര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയവ ആരംഭിക്കും. മഴ കഴിയുന്ന മുറയ്ക്ക് മറ്റ് പ്രവൃത്തികളും ആരംഭിക്കും.

ആദ്യം 80 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഈ റോഡിലെ ആറ് അങ്ങാടികളുടെയും മൂന്ന് പാലങ്ങളുടെയും വികസനം രണ്ടാം ഘട്ടമായി നടക്കും. കൊണ്ടോട്ടി -എടവണ്ണപ്പാറ – അരീക്കോട് റോഡ് മികച്ച നിലവാരത്തിലേക്ക് ഉയരും. പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ അതിവേഗ ഇടപെടല്‍ നടത്തി കൊണ്ടിരിക്കുകയാണെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു.