വിജയഭേരി പദ്ധതിയുടെ ഭാഗമായി എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബ്രിഡ്ജ് കോഴ്സ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങള്‍ക്ക് ഡയറ്റിന്റെ ആഭിമുഖ്യത്തിലാണ് ബ്രിഡ്ജ് കോഴ്‌സ് മെറ്റീരിയല്‍ രൂപപ്പെടുത്തുന്നത്. ഡിസംബര്‍ രണ്ടാമത്തെ ആഴ്ച എല്ലാ സ്‌കൂളുകളിലും ബ്രിഡ്ജ് കോഴ്സ് ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി തലത്തില്‍ വിവിധ വിഷയങ്ങള്‍ക്ക് ഫോക്കസ് 22 എന്ന പേരില്‍ പ്രത്യേക പഠന സഹായികളും സ്‌കൂളുകളിലെത്തിക്കും.

കോവിഡാനന്തര അരക്ഷിതാവസ്ഥകളെ നേരിടാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക കൗണ്‍സലിങ് സൗകര്യങ്ങളും പരിശീലന ക്ലാസുകളും വിജയഭേരി പദ്ധതിയുടെ ഭാഗമായി നല്‍കും. അതിനായി തെരഞ്ഞെടുത്ത അധ്യാപകര്‍ക്കുള്ള പരിശീലനങ്ങള്‍ ഓണ്‍ലൈനായി നല്‍കും. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് വിജയഭേരിയുടെ തുടര്‍ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു.

2021-22 വര്‍ഷത്തെ വിജയഭേരി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരൂര്‍, മലപ്പുറം, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ നടന്ന സ്‌കൂള്‍ കോഡിനേറ്റര്‍മാരുടെ യോഗം ചേര്‍ന്നു. എല്ലാ സ്‌കൂളുകളിലും 100 ശതമാനം വിജയം ഉറപ്പു വരുത്തുന്നതിനോടൊപ്പം പരമാവധി വിദ്യാര്‍ഥികളെ എപ്ലസില്‍ എത്തിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗത്തില്‍ രൂപം നല്‍കി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സ്ഥിര സമിതി അധ്യക്ഷന്മാരായ നസീബ അസീസ്, സറീന ഹസീബ്, എന്‍.എ കരീം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.മനാഫ്, വി.കെ.എം ഷാഫി, പി.കെ.സി. അബ്ദുറഹ്‌മാന്‍, കെ.ടി. അഷ്‌റഫ്, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.