അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗ ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനം നടത്താൻ മന്ത്രിമാരുടെ ഉന്നതതല യോഗം തീരുമാനിച്ചു. അട്ടപ്പാടി സന്ദർശിച്ചശേഷം മന്ത്രി കെ. രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, ജി.ആർ.അനിൽ, വീണ ജോർജ്ജ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. പീഡിയാട്രിക് ഐസിയുവിലും, കുട്ടികളുടേയും അമ്മമാരുടേയും പ്രത്യേക വിഭാഗത്തിലും എല്ലാ സൗകര്യങ്ങളും സജ്ജമാക്കും. കോട്ടത്തറ ആശുപത്രിയടക്കം അട്ടപ്പാടി മേഖലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേയും പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഡിസം. 4ന് രാവിലെ 10ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. കൂടുതൽ ഡോക്ടർമാരെ നിയോഗിക്കുന്നതിനായി പ്രത്യേക സംഘം കോട്ടത്തറ ആശുപത്രി സന്ദർശിച്ച് വിലയിരുത്തി.
ഹൗസ് സർജ്ജൻമാരടക്കമുള്ള സംഘം ആശുപത്രിയിൽ സേവനത്തിനെത്തും. ഇതിനിടെ കോട്ടത്തറ ആശുപത്രിയിലേക്ക് ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് എത്തിച്ചു. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഭക്ഷ്യവകുപ്പ് നൽകുന്ന ഭക്ഷ്യവസ്തുക്കൾ ഊരുകളിലെത്തിച്ചു നൽകാൻ സംവിധാനമൊരുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. അട്ടപ്പാടി നിവാസികളുടെ താൽപര്യത്തിനുസൃതമായ ഭക്ഷ്യവസ്തുക്കൾ നൽകും. അട്ടപ്പാടിയുമായി ബന്ധപ്പെട്ട ട്രൈബൽ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് പ്രത്യേക അനുമതി നൽകുമെന്ന് യോഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
അട്ടപ്പാടിയിൽ മദ്യവർജ്ജനത്തിനായി എക്‌സൈസ് വകുപ്പ് പ്രത്യേക ബോധവത്കരണം നടത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ആശ പ്രവർത്തകർ, എസ്.ടി. പ്രമോട്ടർമാർ, വി.ഇ.ഒ.മാർ, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങി എല്ലാ മേഖലകളിലേയും പ്രവർത്തകരെ കോർത്തിണക്കി പദ്ധതി തയ്യാറാക്കി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. അട്ടപ്പാടിക്കാരെ സമയബന്ധിതമായി സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം.
അട്ടപ്പാടി സ്വദേശികളായ സർക്കാർ ഉദ്യോഗസ്ഥരെ തദ്ദേശീയമായി വിന്യസിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡേ, എസ്.ടി. ഡയറക്ടർ ടി.വി. അനുപമ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു തുടങ്ങിയവർ പങ്കെടുത്തു.