മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വാമനപുരം കളമച്ചലിൽ പുതിയ മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മാവേലി സൂപ്പർ സ്റ്റോർ നാടിനു സമർപ്പിച്ചു. എല്ലാവിധ നിത്യോപയോഗസാധനങ്ങളും ന്യായമായ വിലയിൽ പൊതുജനങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കും. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ജില്ലയിൽ തുറക്കുന്ന ആദ്യ മാവേലി സൂപ്പർ സ്‌റ്റോറാണിത്.
ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കാനാണ് സർക്കാർ അവശ്യസാധനങ്ങൾ വില കുറച്ച് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന സ്ഥലത്തേക്കാൾ വില കുറച്ച് നൽകി ജനങ്ങളെ സഹായിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും പട്ടിണി മൂലം കേരളത്തിൽ ആരും ദുരിതമനുഭവിക്കരുതെന്നും ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ജനങ്ങളെ സഹായിക്കുന്ന കേന്ദ്രങ്ങളായി റേഷൻ കടകൾ മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിൻഷ.ബി.ഷറഫ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ, വിവിധ ജനപ്രതിനിധികൾ, സപ്ലൈകോ മേഖല മാനേജർ വി ജയപ്രകാശ്, സപ്ലൈക്കോ ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു