മുളിയാര്‍ സി.എച്ച്.സിയില്‍ ഡയാലിസിസ് യൂണിറ്റ് ‘കരുതല്‍’ പ്രവര്‍ത്തനം ആരംഭിച്ചു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പ്രവര്‍ത്തോനോദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കര്‍ഷകരും കൂടുതലായി അധിവസിക്കുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട ഏഴ് പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് സൗജന്യമായും ചെലവ് കുറഞ്ഞ രീതിയിലും ഡയാലിസിസ് സംവിധാനം സജ്ജമാക്കാന്‍ ലക്ഷ്യമിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മുളിയാര്‍ സി.എച്ച്.സിയില്‍ ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കിയത്.

മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ പ്രദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും കാസര്‍കോട് വികസന പാക്കേജില്‍ നിന്നും അനുവദിച്ച 52 ലക്ഷവും, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 45 ലക്ഷം രൂപയും വകയിരുത്തിയാണ് യൂണിറ്റ് നിര്‍മ്മിച്ചത്.

ചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ബി. ഷെഫീഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.സവിത ബി.കെ.നാരായണന്‍, സ്മിത പ്രയരഞ്ജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.കുഞ്ഞമ്പു നമ്പ്യാര്‍, എന്‍. യശോദ, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.പി. ഉഷ, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ഗോപാല കൃഷ്ണ, മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖ എസ്, അശോക് കുമാര്‍ കോടാത്ത്, എ.കെ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.