പരശുവയ്ക്കൽ-ആലംപാറ- മലഞ്ചുറ്റ് കുണ്ടുവിള-ചിറക്കോണം-പവതിയാംവിള റിങ് റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുന്ന രീതി തുടരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക പരിശോധനാ സംവിധാനം നടപ്പാക്കാൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. പരശുവയ്ക്കൽ-ആലംപാറ- മലഞ്ചുറ്റ് കുണ്ടുവിള-ചിറക്കോണം-പവതിയാംവിള റിങ് റോഡിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വർഷം മുതൽ ഉദ്യോഗസ്ഥർ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട്, ഫോട്ടോ സഹിതം റിപ്പോർട്ട് സമർപ്പിക്കുന്ന രീതി നിലവിൽ വരും. വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ റോഡുകളിലും പരിപാലന കാലാവധി ബോർഡുകൾ സ്ഥാപിക്കും. കരാറുകാരന്റെ പേര് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബോർഡിൽ പ്രദർശിപ്പിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ നാലിന് നടൻ ജയസൂര്യയ്‌ക്കൊപ്പം നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ജനങ്ങൾ കാഴ്ചക്കാർ അല്ലാതെ കാവൽക്കാർ കൂടി ആയി മാറാൻ ഇത് ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വഴിമുക്ക് – കളിയിക്കാവിള റോഡ് അറ്റകുറ്റപ്പണിക്കായി 25 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

പാറശ്ശാല ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് എട്ട് കോടി രൂപ അടങ്കലിൽ ബി.എം& ബി.സി നിലവാരത്തിലാണ് റിംഗ് റോഡ് നവീകരിക്കുന്നത്. 7.1 കിലോമീറ്റർ ആണ് റോഡിന്റെ ആകെ ദൈർഘ്യം. 20 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സി.കെ.ഹരീന്ദ്രൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ, പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.