സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ആരംഭിച്ച മൊബൈല്‍ മാവേലിസ്റ്റോറിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ നാലിന് തിരൂര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് രാവിലെ 9.30ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും.

പ്രകൃതിക്ഷോഭം, ഇന്ധനവില വര്‍ദ്ധന എന്നിവ പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില കൂടുന്നതിനും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും മൊബൈല്‍ മാവേലി സ്റ്റോറിന്റെ സേവനം നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.

ഏറനാട് താലൂക്കിലെ മൊബൈല്‍ മാവേലിസ്റ്റോറിന്റെ ഉദ്ഘാടനം ഡിസംബര്‍ നാലിന് രാവിലെ 8 ന് മൊറയൂര്‍ വാലഞ്ചേരിയില്‍ ഉബൈദുള്ള എംഎല്‍എ നിര്‍വഹിക്കും. സപ്ലൈകോ വില്പനശാലകളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സബ്സിഡി സാധനങ്ങളും ശബരി ഉത്പനങ്ങളും സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ നിന്നും ലഭിക്കും. ഡിസംബര്‍ നാലിന് രാവിലെ എട്ട് മുതല്‍ ഒന്‍പത് വരെ മൊറയൂര്‍ വാലഞ്ചേരിയിലും 11 മുതല്‍ 12 വരെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരപറമ്പും ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ട് വരെ അരീക്കോട് വെള്ളേരിയിലും മൂന്ന് മുതല്‍ നാല് വരെ അരീക്കോട് ടൗണിലും അഞ്ച് മുതല്‍ ആറ് വരെ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചാത്തിലെ ഓടക്കയത്തും എത്തിച്ചേരും. ഡിസംബര്‍ അഞ്ചിന് രാവിലെ എട്ട് മുതല്‍ ഒന്‍പത് വരെ മഞ്ചേരി നെല്ലിക്കുത്തും 11 മുതല്‍ 12 വരെ തൃക്കലങ്ങോട് ആമയൂരും ഉച്ചയ്ക്ക് ഒന്നര മുതല്‍ രണ്ടരവരെ എടവണ്ണ പത്തപ്പിരിയം, മൂന്ന് മുതല്‍ നാലുവരെ എടവണ്ണ പന്നിപ്പാറ, അഞ്ചര മുതല്‍ ആറരവരെ എടവണ്ണ കിഴക്കേ ചാത്തല്ലൂരും സഞ്ചരിക്കുന്ന വില്‍പ്പന ശാല എത്തിച്ചേരും.