മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീര്‍ത്തടം അടിസ്ഥാനത്തില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലേക്കുള്ള പരിശീലനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് പുറമേ, വേങ്ങര, അരീക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എഞ്ചിനിയര്‍മാര്‍, ഓവര്‍സീയര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആറു ദിവസത്തെ പരിശീലനത്തില്‍ മൂന്ന് ദിവസം ക്ലാസ് റൂം പരിശീലനവും മൂന്ന് ദിവസം പ്രായോഗിക പരിശീലനം ഫീല്‍ഡിലുമാണ് നല്‍കുന്നത്. പള്ളിക്കല്‍ പഞ്ചായത്തിലെ നീര്‍ത്തടമാണ് ഫീല്‍ഡ് പരീശീലനത്തിനായി തിരഞ്ഞെടുത്തത്.

നീര്‍ത്തട പ്രദേശത്തെ സമഗ്രവികസനം ലക്ഷ്യമിട്ടു മറ്റു വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് കണ്ടെത്തേണ്ടതെന്നും പ്രകൃതി വിഭവ സംരക്ഷണം ഉറപ്പുവരുത്തി സാമൂഹിക ആസ്തികള്‍ എങ്ങനെ സൃഷ്ടിക്കാമെന്നും സാധാരണ ജനങ്ങളുടെ ഉപജീവന ഉപാധികളെ ശക്തിപ്പെട്ടുത്താന്‍ എങ്ങനെ കഴിയുമെന്നും പരിശീലനത്തിലൂടെ മനസ്സിലാക്കാം.