മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പുതുതായി വാങ്ങിയ കോളേജ് ബസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ഇരുപത്തിയൊന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് കോളേജിന് പുതിയ ബസ് വാങ്ങിച്ചത്.

മലയോര മേഖലയിലുള്‍പ്പെടെ വിദ്യാഭ്യാസ രംഗത്ത്, പഠന – അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് സംസ്ഥാനം ആര്‍ജിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മോഡല്‍ പോളിടെക്‌നിക് കോളേജിന് പുതിയ ബാച്ച് കൂടി അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ കെട്ടിടത്തിന്റെ അപര്യാപ്തത ഉണ്ടെങ്കില്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിംഗ്, ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് എന്നീ മൂന്ന് ബാച്ചുകളാണ് മുന്‍പ് ഉണ്ടായിരുന്നത് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബാച്ചാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. ഇപ്പോള്‍ 240 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കോളേജ് പ്രിന്‍സിപ്പാള്‍ ദിലീഷ് കുമാര്‍ പി. ബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ് പങ്കെടുത്തു.