എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രം; പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിപ്പിച്ചുള്ള സംവിധാനം 2022 ഓടെ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

പേട്ട ശ്രീ പഞ്ചമി ദേവീ ക്ഷേത്ര പരിസരത്ത് നിർമ്മാണം പൂർത്തീകരിച്ച അടിസ്ഥാനസൗകര്യങ്ങളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒന്നിൽ കുറയാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നതാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പും ടൂറിസം വകുപ്പും ചേർന്നുകൊണ്ടുള്ള ഒരു സംവിധാനം 2022 ഓട് കൂടി കേരളത്തിൽ നടപ്പാക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

തീർത്ഥാടകർക്ക് കൂടുതൽ അടിസ്ഥാനസൗകര്യം ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര വകുപ്പിന്റെ ‘തത്വമസി പിൽഗ്രിം ടൂറിസം’ പദ്ധതിയിലുൾപ്പെടുത്തി പേട്ട ശ്രീ പഞ്ചമി ദേവീ ക്ഷേത്ര പരിസരത്ത് നിർമ്മാണം പൂർത്തീകരിച്ച അടിസ്ഥാനസൗകര്യങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ അതിന്റെ സാധ്യതകൾക്കനുസരിച്ച് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ സർക്കാർ നടപ്പിലാക്കി വരികയാണെന്നും അതിന്റെ ഭാഗമായാണ് തീർത്ഥാടന ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകിവരുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുറത്തുനിന്ന് ലക്ഷക്കണക്കിന് ആളുകളാണ് തീർത്ഥാടനത്തിന് ഇവിടെ എത്തുന്നത്. അവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്ന ഉത്തരവാദിത്തമാണ് സർക്കാർ ഏറ്റെടുത്തു നടത്തുന്നത്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നതിനായി തീർത്ഥാടന കേന്ദ്രങ്ങൾക്ക് അടുത്തുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

നവംബർ ഒന്നുമുതൽ റസ്റ്റ് ഹൗസുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഒരുമാസത്തിനുള്ളിൽ 27.5 ലക്ഷം രൂപ ഇതിലൂടെ വരുമാനം നേടാൻ കഴിഞ്ഞത് ജനങ്ങൾ ഇത് ഏറ്റെടുത്തുകഴിഞ്ഞു എന്നതിന് തെളിവാണ് എന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും ഓൺലൈൻ ബുക്കിങ് സൗകര്യം ഉറപ്പുവരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് 12 ജീവനക്കാരുടെ ഒരു ടീമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തി ൽ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പും സർക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർമാർ, ക്ഷേത്രം തന്ത്രിമാർ, ക്ഷേത്രത്തിന്റെ ഭാരവാഹികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.