ചെമ്പഴന്തി ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിനോടനുബന്ധിച്ചുള്ള ഓഫീസ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

പരസ്പര സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഗുരുദേവൻ നമുക്ക് നൽകിയിരിക്കുന്നതെന്നും ഏതു സ്ഥാനത്തായിരുന്നാലും ഗുരുദേവന്റെ ആശയങ്ങളും വാക്കുകളും പിൻപറ്റുന്നതും ഓർക്കുന്നതും നല്ലതാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി
പി. എ. മുഹമ്മദ്‌ റിയാസ് പറഞ്ഞു. ചെമ്പഴന്തി ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിനോടനുബന്ധിച്ചുള്ള ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാക്കാലത്തും ഗുരുദേവന്റെ വാക്കുകൾക്ക് പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. കാഴ്ചയുടെ ചാരുത മാത്രമല്ല അറിവിന്റെ ലോകവും ടൂറിസത്തിന്റെ ഭാഗമാണെന്നും
അറിവ് നേടാനുള്ള സഞ്ചാരമാണ് മനുഷ്യന്റെ വളർച്ചയിൽ നിർണായകമായതെന്നും അതുകൊണ്ടാണ് ശ്രീനാരായണ ഗുരുവിനെ പോലുള്ള മഹാരഥൻമാരുടെ മണ്ണിൽ ടൂറിസം വകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

18.9 കോടി രൂപയുടെ പദ്ധതികളാണ് ടൂറിസം വകുപ്പ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്. ഇതിൽ 9 കോടി ചെലവഴിച്ചുള്ള കൺവെൻഷൻ സെന്റർ പൂർത്തിയായി. ഡിജിറ്റൽ മ്യൂസിയത്തിന്റെ സാങ്കേതിക തടസങ്ങൾ മാറ്റാൻ ഉടൻ തന്നെ ഐ. ടി വകുപ്പിന്റെ യോഗം വിളിച്ചു പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുമെന്നും മന്ത്രി ഉറപ്പു നൽകി.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീനാരായണ ഗുരുകുലം സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ ചെമ്പഴന്തി ഉദയൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.