മലപ്പുറം: പാരാഒളിമ്പിക്സിലേക്ക് കേരളത്തില്‍ നിന്ന് കൂടുതല്‍ ഭിന്നശേഷിക്കാരെ അയക്കാന്‍ നടപടി സ്വീകരിക്കുമെന്നും കായിക രംഗത്തേക്ക് കൂടുതല്‍ ഭിന്നശേഷിക്കാരെ കൊണ്ടുവരുമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. സാമൂഹിക നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ ഭിന്നശേഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്കായി റീഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങുന്നതിന് നടപടികള്‍ തുടരുകയാണെന്നും രണ്ട് വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദൃഢനിശ്ചയമുള്ള മനസ്സുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണ്. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള നടപടികള്‍ കാര്യക്ഷമമായി തുടരും. ഭിന്നശേഷിക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേകമായി നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഫലങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇതു നല്ല നിലയില്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ സംബന്ധിച്ച ബ്രോഷറിന്റെ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു. ജില്ലാ സാമൂഹിക നീതി വകുപ്പ് തയ്യാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട് ചടങ്ങില്‍ മന്ത്രിയ്ക്ക് കൈമാറി. പി ഉബൈദുള്ള എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മുഖ്യാതിഥിയായി. പത്മശ്രീ പുരസ്‌കാരം നേടിയ ബാലന്‍ പൂതേരിയെ മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉപഹാരം നല്‍കി ആദരിച്ചു. 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അല്‍വീനയെ എ.ഡി.എം എന്‍.എം മെഹറലി ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ കരീം മുഖ്യപ്രഭാഷണം നടത്തി. 2021 ലെ ഉണര്‍വ്വ് കലാമത്സര വിജയികള്‍ക്ക് മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കെ അബ്ദുള്‍ നാസര്‍ ഭിന്നശേഷി പ്രവര്‍ത്തന മേഖലയിലെ അനുഭവങ്ങള്‍ പങ്കു വെച്ചു. മലപ്പുറം നഗരസഭ കൗണ്‍സിലര്‍ ജയശ്രീ രാജീവ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത്, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ എ.എ ഷറഫുദ്ദീന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.എസ് സുമ , നാഷനല്‍ ലെവല്‍ ലോക്കല്‍ കമ്മിറ്റി കണ്‍വീനര്‍ സിനില്‍ ദാസ് പൂക്കോട്ട്, വള്ളിക്കാപ്പറ്റ അന്ധ വിദ്യാലയ പ്രധാനധ്യാപകന്‍ പി അബ്ദുള്‍ കരീം, പരപ്പനങ്ങാടി ബധിര വിദ്യാലയ പ്രധാനധ്യാപകന്‍ വി.കെ കരീം, സാമൂഹിക സുരക്ഷ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.ടി നൗഫല്‍, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, സ്പെഷ്യല്‍ സ്‌കൂള്‍ അസോസിയേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അല്‍ഫോണ്‍സ, ഡി.എ.പി.എല്‍ അസോസിയേഷന്‍ ഫോര്‍ ഫിസിക്കലി ചാലഞ്ച്ഡ് സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, പരിവാര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ റഷീദ്, പി.എ.ഐ.ഡി ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി, ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ. വാസുദേവന്‍, മലപ്പുറം അക്പാഹി പ്രതിനിധി ഇ അബ്ബാസ്, എ.കെ. ഡബ്ല്യു.ആര്‍.എഫ് ജില്ലാ പ്രസിഡന്റ് സലിം കിഴിശ്ശേരി, മലപ്പുറം മഅദിന്‍ അക്കാദമി ഏബിള്‍ഡ് വേള്‍ഡ് പ്രതിനിധി പി.ടി മുഹമ്മദ് അസറത്ത് എന്നിവര്‍ സംസാരിച്ചു. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി സ്വാഗതവും സീനിയര്‍ സൂപ്രണ്ട് വി.വി സതീദേവി നന്ദിയും പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
