കൊച്ചി: ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കോട്ടുവള്ളി, ഏഴിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലെ മത്സ്യ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു.
വെല്ലുവിളി നേരിടുന്ന ഉള്‍നാടന്‍ മത്സ്യക്കൃഷി മേഖലയെ കൂടുതല്‍ പരിപോഷിപ്പക്കണമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യകൃഷിക്ക് ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലുളളവരെ സാമ്പത്തികമായും സാങ്കേതികമായും സഹായിക്കുന്നതിന് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ പദ്ധതികളുടെ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് ബോധവത്കരണ പരിപാടികളും സെമിനാറുകളും നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മത്സ്യകൃഷി വര്‍ധിപ്പിച്ചു. ജൈവകൃഷിയിലൂടെ കൂടുതല്‍ പേരെ മേഖലയിലേക്ക് ആകര്‍ഷിക്കാനും കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി മുന്നേറണം. ഉള്‍നാടന്‍ മത്സ്യകൃഷിയെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കണം. ക്ലാസുകളില്‍ നിന്നു ലഭിക്കുന്ന അറിവുകള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കടലിലെ മത്സ്യത്തിന്റെ ലഭ്യതക്കുറവ് രൂക്ഷമായ സാഹചര്യത്തില്‍ ജലകൃഷിയിലൂടെയുള്ള മത്സ്യോത്പാദനം പരമാവധി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ജനകീയ മത്സ്യകൃഷി-രണ്ടാം ഘട്ടം. മത്സ്യോത്പാദനത്തിന് മികച്ച സാധ്യതയാണ് ഉള്‍നാടന്‍ മത്സ്യമേഖലയ്ക്കുള്ളത്. സുസ്ഥിര മത്സ്യകൃഷി നടപ്പിലാക്കുന്നതിനുള്ള കൃഷി രീതികളും ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഘടക പദ്ധതികളുടെ വിശദാംശങ്ങളും ക്ലാസില്‍ വിശദീകരിച്ചു. എണ്‍പതോളം മത്സ്യ കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.
കര്‍ഷകര്‍ക്കായി ഒരുക്കിയ ഓരുജല മത്സ്യകൃഷിയെ സംബന്ധിച്ചുള്ള ക്ലാസ് കെ.വി.കെ സബ്ജക്റ്റ് മാസ്റ്റര്‍ സ്‌പെഷലിസ്റ്റ് വികാസ് നയിച്ചു. ശാസ്ത്രീയ മത്സ്യകൃഷിയിലൂടെ ലാഭം കണ്ടെത്താന്‍ കഴിയുന്ന രീതികളാണ് ക്ലാസില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കൃഷി രീതികളെപ്പറ്റിയും പരിപാലന മാര്‍ഗ്ഗങ്ങളെപ്പറ്റിയുമുള്ള വീഡിയോ പ്രദര്‍ശനം കര്‍ഷകര്‍ക്ക് സഹായകമായി. മത്സ്യകൃഷിയുടെ നിയമ വ്യവസ്ഥകളെപ്പറ്റി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. സീമ. സി ക്ലാസെടുത്തു.
പരിപാടിയില്‍ എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.സി. രാജീവ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഷൈജു ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രശ്മി ആസാദ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി സുധീര്‍, എറണാകുളം എഫ്.എഫ്.ഡി.എ അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദേവി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: 1) പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി സംസാരിക്കുന്നു
2) പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്കായുള്ള ബോധവത്കരണ പരിപാടി പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു